വാഗമണ്ണിൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ 19 മുതൽ
1532966
Saturday, March 15, 2025 12:02 AM IST
തൊടുപുഴ: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഗമണ്‍ ഇന്റർനാഷണൽ ടോപ്പ് ലാൻഡിംഗ് അക്യുറസി കപ്പ് അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ 19 മുതൽ 23 വരെ വാഗമണ്ണിൽ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലായ മത്സരത്തിൽ 75 മത്സരാർഥികളും നാൽപതോളം വിദേശ ഗ്ലൈഡർമാരും പങ്കെടുക്കും. വാഗമണ്ണിലെ പാരാഗ്ലൈഡിംഗ് സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക, സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 22ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെഡറേഷൻ എയറോനോട്ടിക് ഇന്റർനാഷണൽ, എയ്റോ ക്ലബ് ഓഫ് ഇന്ത്യ, ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിംഗ് സ്കൂൾ ഇന്ത്യ എന്നിവയാണ് സാങ്കേതിക സഹായം നൽകുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനമായി ലഭിക്കും. മൽസരത്തോടനുബന്ധിച്ചുള്ള ആലോചനായോഗം വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ നടത്തി. പാരാഗ്ലൈഡിംഗ് മത്സരങ്ങളോടനുബന്ധിച്ച് വാഗമണ്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും സംഘാടക സമിതിക്ക് ആലോചനയുണ്ട്. ഫെസ്റ്റിവൽ ദിവസങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനഫീസ് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചയും യോഗത്തിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് , പീരുമേട് ഡിവൈഎസ്പി വിശാൽ ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.