അന്താരാഷ്ട്ര സോഷ്യൽ വർക്ക് ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം
1533317
Sunday, March 16, 2025 3:10 AM IST
കട്ടപ്പന: സമൂഹങ്ങളുടെ ഭാവിക്കായി സാമൂഹിക സേവനങ്ങളുടെ ദൃശ്യത ഉയർത്തുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ക്രൈസ്റ്റ് കോളജിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. കട്ടപ്പന ക്രൈസ്റ്റ് കോളജിന്റെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇടുക്കി ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ഡേ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു.
ഡയറക്ടറും കോളജ് സോഷ്യൽ വർക്ക് വിഭാഗംമേധാവിയുമായ ഫാ. അനൂപ് തുരുത്തിമറ്റം സിഎംഐ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.പി.ദിലീപ്കുമാർ, വൊസാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് ആന്റണി സിഎംഐ, കാപ്സ് ഇടുക്കി ചാപ്റ്റർ പ്രസിഡന്റ് ഡോ. സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു. സെമിനാർ പ്രസന്റേഷൻ മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ 2023-24 വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കട്ടപ്പന പ്രോജക്ടിലെ കാഞ്ചിയാർ പഞ്ചായത്ത് സൂപ്പർവൈസർ സ്നേഹ സേവ്യറിനെയും സോഷ്യൽ വർക്ക് മേഖലയിൽ മികച്ച സംഭാവനകൾ നൽകിയതിന് വൊസാർഡ് ഓർഗനൈസേഷനെയും ആദരിച്ചു.
അടിമാലി സാൻജോ കോളജിലെ അധ്യാപിക സിസ്റ്റർ ജോയ്സ്, സോഷ്യൽ വിഭാഗം അധ്യാപകരായ റിബിത മേരി റാണ, സനിജ മേരി ഏബ്രഹാം, ഷെം മരിയ ചെറിയാൻ, എംഎസ്ഡബ്ല്യൂ വിഭാഗം വിദ്യാർഥികൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.