സിപിഎം വികസനം തകിടം മറിക്കുന്നു: യൂത്ത് കോൺഗ്രസ്
1533324
Sunday, March 16, 2025 3:16 AM IST
ചെറുതോണി: പിണറായി സർക്കാർ ജില്ലയിൽ പാറ ഖനനം പൂർണമായും നിരോധിച്ചത് സിപിഎം ജില്ലാ സെക്രട്ടറിക്ക് അനധികൃത ഖനനത്തിന് അവസരമൊരുക്കാനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജെനിഷ് ആരോപിച്ചു.
ജില്ലയിൽ പുറമ്പോക്ക് ഭൂമിയിൽനിന്ന് സർക്കാർ നിയന്ത്രണത്തിൽ പാറ പൊട്ടിക്കുന്നതിനും ആവശ്യക്കാർക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുക, നിർമാണ സാമഗ്രികൾക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കി അനധികൃത ഖനനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും മരുമകനും അവസരമൊരുക്കുന്ന സർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കുക, സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബം വൻതോതിൽ നടത്തിയ അനധികൃത പാറഖനനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറിയെ രക്ഷിക്കാനാണ്. അന്വേഷണപരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഖനനം നടത്തിയത് ആരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എന്ന് മാത്രമാണ് അന്വേഷിക്കുന്നത്. ആരാണ് ഖനനം നടത്തിയത് എന്നു കൂടി അന്വേഷിക്കണം. അനധികൃതമായി പൊട്ടിച്ച പാറയുടെ റോയൽറ്റി പാറ പൊട്ടിച്ച് കടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബത്തിൽനിന്ന് ഈടാക്കണമെന്നും ജെനിഷ് ആവശ്യപ്പെട്ടു.
സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ മാത്യു, അഡ്വ. പി.ജെ. ജോമോൻ, ജോബി സി. ജോയി, അരുൺ പൂച്ചക്കുഴി, അഡ്വ. മോബിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.