ബഫർസോണ്‍ : തീരുമാനം പിൻവലിക്കണം: പി.ജെ. ജോസഫ്
1531768
Tuesday, March 11, 2025 12:05 AM IST
തൊടുപുഴ: ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർസോണ്‍ ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പി.ജെ.ജോസഫ് എംഎൽഎ. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനാവശ്യ ഇടപെടൽ ആണ് ഈ ഉത്തരവ് . ജനങ്ങളെ ദ്രോഹിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. മലങ്കര ജലാശയത്തിന് സമീപം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ഡാമിൽ നിന്ന് 20 മീറ്റർ ബഫർ സോണും 100 മീറ്ററിൽ നിർമാണത്തിന് എൻഒസിയും വേണമെന്ന ഉത്തരവ് ഇവരെയെല്ലാം ദുരിതത്തിലാക്കും . ബഫർ സോണ്‍ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങളോട് പ്രതികൂല നിലപാട് സ്വീകരിക്കുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് ജോസഫ് പറഞ്ഞു.
സമരം നടത്തും: കർഷക കോണ്‍ഗ്രസ്
തൊടുപുഴ: ജലവിഭവ വകുപ്പിനു കീഴിൽ വരുന്ന മലങ്കര ഡാമിന്റെ നൂറു മീറ്റർ പരിധിക്കുള്ളിൽ ബഫർസോണ്‍ ആയി പ്രഖ്യാപിച്ച തീരുമാനം പിൻവലിക്കണമെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കനും നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി പാറേക്കാട്ടിലും ആവശ്യപ്പെട്ടു.
പിന്നാക്ക ജനവിഭാഗങ്ങളും നിർധനരുമായ ആറു പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളെയും മാത്തപ്പാറയും ശങ്കരപ്പള്ളിയും കുടയത്തൂരും കാഞ്ഞാറും ഉൾപ്പെടെയുള്ള നിരവധി കോളനികളിലെ ജനവാസ മേഖലകളെയും മുട്ടവും കുടയത്തൂരും കാഞ്ഞാറും പോലുള്ള ടൗണുകളെയും ഇത് ബാധിക്കും. പ്രഖ്യാപനം പിൻവലിക്കാൻ തയാറായില്ലെങ്കിൽ മന്ത്രി റോഷി അഗസ്റ്റിനെ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ സമരത്തിന് നേതൃത്വം നൽകുമെന്ന് ഇവർ അറിയിച്ചു.
പിൻവലിക്കണം: കേരള കോണ്‍ഗ്രസ്
തൊടുപുഴ: മലങ്കര ഡാമിന്റെ ജലാശയതീര പഞ്ചായത്തുകളെ ബാധിക്കുന്ന ബഫർ സോണ്‍ ഉത്തരവ് പിൻവലിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ആവശ്യപ്പെട്ടു. കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളെ പ്രതിനിധീകരിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ ജില്ലയിൽ വനഭൂമി വർധിപ്പിക്കുന്ന രഹസ്യ അജണ്ടയുടെ സൃഷ്ടികർത്താവാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
മലങ്കര ജലാശയതീരത്തെ വനഭൂമി പ്രഖ്യാപനവും ബഫർസോണ്‍ ഉത്തരവും പിൻവലിച്ചില്ലെങ്കിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അണിനിരത്തി മന്ത്രിക്കും സർക്കാരിനുമെതിരേ പ്രതിഷേധ സമരം ഉൗർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിസോർട്ട് മാഫിയയെ സഹായിക്കാൻ: യൂത്ത് കോണ്‍ഗ്രസ്
മുട്ടം: മലങ്കരയാറിന്റെ തീരത്ത് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം ജനങ്ങളെ കുടിയിറക്കി റിസോർട്ട് മാഫിയയെ സഹായിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിയന്ത്രണം നടപ്പിലാക്കാൻ ജണ്ട സ്ഥാപിക്കുകയും അതിര് നിർണയിക്കുകയും ചെയ്യുന്നതോടെ അഞ്ചും പത്തും സെന്റുള്ള സാധാരണക്കാരും കോളനിവാസികളും ഭൂമി ഉപേക്ഷിച്ചു പോകേണ്ടിവരും. ഇത് മുതലാക്കി വന്പൻമാർ ഈ ഭൂമികൾ വാരിക്കൂട്ടും.
പിന്നീട് നിലവിലെ ഉത്തരവ് പിൻവലിച്ച് ജലാശയ തീരം മുഴുവൻ റിസോർട്ട് മാഫിയയ്ക്ക് തീറെഴുതി നൽകാനാണ് നീക്കം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി സമരത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജോബിസ് ജോസ് അധക്ഷത വഹിച്ചു. അരുണ്‍ പൂച്ചക്കുഴി , എബി ജോർജ് തറയിൽ, അൽഫോണ്‍സ് വാളിപ്ലാക്കൽ, രാഹുൽ സോയി കള്ളികാട്ട്, ബാദുഷ അഷറഫ്, എബി മോൻ പൂവേലിൽ, ആകാശ് അഗസ്റ്റിൻ, സിറിൽ ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.