നസ്രത്ത് മൗണ്ട് കുരിശുമല തീർഥാടനത്തിന് തുടക്കം
1532657
Thursday, March 13, 2025 11:39 PM IST
വെള്ളിയാമറ്റം: തീർഥാടന കേന്ദ്രമായ നെല്ലിക്കാമല നസ്രത്ത് മൗണ്ട് കുരിശുമലയിലെ നോന്പുകാല തിരുക്കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി വികാരി ഫാ. ജയിംസ് വെട്ടുകല്ലേൽ അറിയിച്ചു.
ഇവിടേക്ക് വലിയ നോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴി നടക്കും. രാവിലെ ഒന്പതിന് ഞരളംപുഴ കവലയിൽനിന്നു കുരിശിന്റെ വഴി ആരംഭിക്കും.
മലമുകളിൽ സമാപന പ്രാർഥനയും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും നടത്തും.
സമുദ്രനിരപ്പിൽനിന്നു മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലമുകളിൽനിന്നാൽ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാം. ഇവിടെനിന്നാൽ മലങ്കര ജലാശയം, സൂര്യോദയം, അസ്തമയം, മുതിയാമലമുത്തി എന്നറിയപ്പെടുന്ന കല്ലിൻമേൽ കല്ല്, നെയ്യുരുക്കുംപാറ, ബുദ്ധമത സന്യാസികൾ താമസിച്ച ഗുഹകൾ, മുതിയാമല ഗർത്തം എന്നിവ കാണാനാകും.
നാല്പതാം വെള്ളി, ദുഃഖ വെള്ളി ദിവസങ്ങളിൽ ഇവിടേയ്ക്ക് നൂറുകണക്കിന് വിശ്വാസികളാണ് തീർഥാടനത്തിനെത്തുക.