സഞ്ചാരികൾ ജാഗ്രതൈ; കാട്ടാനകളുടെ ചിത്രമെടുത്താലും പിടിവീഴും
1532036
Tuesday, March 11, 2025 11:56 PM IST
മൂന്നാർ: കാട്ടാനകളുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ ചിത്രമെടുക്കുകയോ സമീപത്തുനിന്നു ബഹളം കൂട്ടുകയോ ചെയ്താലും വന്യജീവി സംരക്ഷണ നിയമപ്രകാരം അവർക്കെതിരേ കേസെടുക്കുമെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കി. കാട്ടാനകളിറങ്ങുന്ന സ്ഥലങ്ങളിൽ നിൽക്കുന്നതും അടുത്തുനിന്നു സെൽഫിയും ചിത്രങ്ങളും പകർത്തുന്നതും വന്യമൃഗങ്ങളെ ബഹളംകൂട്ടി ഓടിക്കുന്നതുമെല്ലാം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസാകും.
മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനാണ് നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്പോഴും സാധാരണക്കാരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേനൽകടുത്തതോടെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കൂടുതലായി എത്തുന്നുണ്ട്. തീറ്റയും വെള്ളവും തേടിയാണ് ഇവ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന മൃഗങ്ങളെ കാണുന്നതും ഫോട്ടോയെടുക്കുന്നതും സഞ്ചാരികൾക്ക് ഏറെ കൗതുകമാണ്.
മാസങ്ങളായി പടയപ്പ മൂന്നാർ മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട്. പടയപ്പയെ ഇഷ്ടപ്പെടുന്ന ആനപ്രേമികളും ധാരാളമുണ്ട്. അതിനാൽതന്നെ ആനയെ അടുത്ത് കാണാനുള്ള അവസരം പലരും പ്രയോജനപ്പെടുത്താനും ശ്രമിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആളുകൾക്കെതിരേ കേസെടുക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിനു കാരണമായേക്കും.