അനധികൃത നിർമാണങ്ങൾ തകൃതി; നടപടിയെടുക്കാൻ മടിച്ച് ഉദ്യോഗസ്ഥർ
1531765
Tuesday, March 11, 2025 12:05 AM IST
മൂന്നാർ: മൂന്നാർ ടൗണിൽ പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ നിർമാണ അനുമതിയില്ലാത്ത അനധികൃത കെട്ടിടങ്ങൾ ഉയരുന്പോൾ നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തിലധികം കെട്ടിടങ്ങളാണ് അനുമതിയില്ലാതെ നിർമാണഘട്ടത്തിലുള്ളത്. അഴുക്കുചാലുകളുടെ മുകളിലൂടെ കെട്ടിടങ്ങൾ പണിതുയർത്തിയിട്ടും റവന്യു വകുപ്പോ തദ്ദേശ ഭരണകൂടമോ നടപടികൾ സ്വീകരിച്ചിട്ടില്ല.
രണ്ടുനില കെട്ടിടങ്ങൾക്കു മുകളിലുള്ള പണികൾക്കു പഞ്ചായത്തിന്റെ പ്രത്യേക അനുമതി വേണമെന്നിരിക്കേ നിരവധി മൂന്നു നില കെട്ടിടങ്ങളാണ് നിർമാണത്തിലിരിക്കുന്നത്. വാരാന്ത്യ അവധി മുതലെടുത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പണികൾ നടക്കുന്നത്.
രാത്രികാലങ്ങളിൽ മാത്രമാണ് പണികൾ നടക്കുന്നതും. മൂന്നാർ ടൗണിലെ ബസാറിനുള്ളിലാണ് ഇത്തരം അനധികൃത നിർമാണങ്ങൾ നടന്നുവരുന്നത്.
പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിൽ നിർമാണങ്ങൾക്ക് നിയന്ത്രങ്ങളും ഉള്ളതാണ്. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ ഒന്ന് പഞ്ചായത്തിന്റെ സ്ഥലം കൂടി കൈയേറിയാണ് നിർമിച്ചിരിക്കുന്നത്.
നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ കൃത്യമായ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ പാലിക്കാതെ ഉയരുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്. അശാസ്ത്രീയമായി നിർമിക്കുന്ന കെട്ടിടങ്ങൾ മഴക്കാലത്ത് അപകട ഭീഷണി ഉയർത്തുന്ന വിധത്തിലാണ് പണിതുയർത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാർ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം നിരവധി നിർമാണങ്ങൾ നടക്കുന്നുണ്ട്. കൃത്യസമയത്ത് ഉദ്യോഗസ്ഥർ ഇടപെടാതെ വരുന്നതോടെ കോടതിയിൽനിന്ന് അനുകൂല വിധ സന്പാദിച്ച് കെട്ടിടം പൊളിക്കാതെ ഏറെക്കാലം നിലനിർത്താമെന്ന ബോധ്യത്തിലാണ് ഉടമകൾ ഇത്തരം കെട്ടിടങ്ങൾ നിർമിക്കുന്നത്.
അതേ സമയം വൻകിടക്കാരുടെ നിർമാണങ്ങളിൽ നടപടി സ്വീകരിക്കാതിരിക്കുകയും സാധാരണക്കാരുടെ വീടുനിർമാണത്തിനുപോലും അനുമതി നൽകുന്നതിന് കാലതാമസം വരുത്തുകയും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സമീപനത്തിൽ ആക്ഷേപങ്ങളും ഉയരുന്നുണ്ട്.