മാലിന്യനിർമാർജന പരിപാടി: ശേഖരിച്ചത് 30 ടണ്‍ മാലിന്യം
1532654
Thursday, March 13, 2025 11:39 PM IST
മൂന്നാർ: മാലിന്യ മുക്തം നവകേരളം മെഗാ ഡ്രൈവ് കാന്പയിന്റെ ഭാഗമായി മൂന്നാറിൽ കഴിഞ്ഞ എട്ടു ദിവസമായി നടന്നു വന്ന മാലിന്യനിർമാർജന പരിപാടികളിൽ മുപ്പത് ടണ്‍ മാലിന്യം ശേഖരിച്ചു. ഇതിൽ 18 ടണ്‍ മാലിന്യവും പ്ലാസ്റ്റിക്ക് ആണ്. മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡിടിപിസി, പോലീസ്, ഫയർ ഫോഴ്സ്, ഹിൽദാരി ഉൾപ്പെടെ 15 ഓളം സന്നദ്ധസംഘടനകളും പങ്കെടുത്തു.
മൂന്നാറിലെ വിവിധ പ്രദേശങ്ങളെ 16 ക്ലസ്റ്ററ്റുകളായി തിരിച്ചായിരുന്നു കാന്പയിൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളും പദ്ധതിയുടെ ഭാഗമായി. മാലിന്യമയമായിരുന്ന മുതിരപ്പുഴയിലും ശുചീകരണ പരിപാടികൾ നടന്നു.
പുഴയിലേക്ക് വരുന്ന അരുവികളും കൈത്തോടുകളുമെല്ലാം ശുചീകരിച്ച് നിലനിർത്തുവാനുള്ള നടപടികൾ സ്വീകരിച്ചു. മാലിന്യമുക്തമാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.