നിരോധനാജ്ഞ ലംഘിച്ചാൽ കർശനനടപടി: ജില്ലാ കളക്ടർ
1531760
Tuesday, March 11, 2025 12:04 AM IST
ഇടുക്കി: പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് ഇന്നലെവരെ ഏഴ് പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരുന്തുംപാറയിൽ സ്വകാര്യവ്യക്തി അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. സാധാരണക്കാരെ മുന്നിൽനിർത്തി വലിയ കൈയേറ്റങ്ങൾ നടത്തുന്ന വൻകിടക്കാരെ പുറത്തുകൊണ്ടുവരുന്നതിന് പോലീസ്, വിജിലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു.
പലപ്പോഴും കർഷകരടക്കമുള്ള സാധാരണക്കാർ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. പരിശോധന നടക്കുന്പോൾ നിയമത്തിന്റെ മുന്നിലെത്തുകയും ശിക്ഷ ലഭിക്കുകയും ചെയ്യുന്നത് ഇവർക്കാണ്. ഇടുക്കിയിലെ ടൂറിസം മേഖലയെ തകർക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കളക്ടർ പറഞ്ഞു.
സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം, സംഘർഷ സാധ്യത എന്നിവ കണക്കിലെടുത്താണ് പീരുമേട് വില്ലേജിലെ സർവേ നന്പർ- 534, മഞ്ചുമല വില്ലേജിലെ സർവേ നന്പർ - 441, വാഗമണ്‍ വില്ലേജിലെ സർവേ നന്പർ - 724, 813, 896 എന്നിവിടങ്ങളിലാണ് മേയ് രണ്ടിന് അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മനുഷ്യജീവന് ഹാനിയോ പൊതുജന സുരക്ഷയ്ക്കോ പൊതു സമാധാനത്തിന് തടസമോ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ കളക്ടർ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
ഉത്തരവിന്റെ ലംഘനം വഴി ആറു മാസം തടവോ, 2,500 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങൾ, സംഘർഷം എന്നിവയുണ്ടായാൽ ഒരു വർഷം വരെ തടവും 5,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും. അനധികൃത കെട്ടിടനിർമാണങ്ങൾക്കെതിരേ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് പ്രകാരമാകും നടപടി. അനധികൃത കൈയേറ്റങ്ങൾക്കെതിരേ കേരള ലാൻഡ് കണ്‍സർവൻസി ചട്ടങ്ങൾ പ്രകാരവും നടപടി ഉണ്ടാകും.