കള്ളിമാലി വ്യൂ പോയിന്റ്് പദ്ധതി അവഗണനയിൽ
1532655
Thursday, March 13, 2025 11:39 PM IST
രാജാക്കാട്: ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലോക ടൂറിസം മാപ്പില്‍ ഇടം നേടിയ രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി വ്യൂ പോയിന്റ്് ടൂറിസം പദ്ധതി യാഥാർഥ്യമായിട്ടില്ല. കരാര്‍ കാലാവധി കഴിഞ്ഞ് പദ്ധതി മുടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിര്‍മാണച്ചുമതല ഉണ്ടായിരുന്ന കമ്പനിക്ക് അഡ്വാന്‍സ് നല്കിയ ലക്ഷങ്ങള്‍ തിരികെ വാങ്ങാനും നടപടിയില്ല.
ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന പദ്ധതിയായിരുന്നു കള്ളിമാലി വ്യൂ പോയിന്റ്് ടൂറിസം പദ്ധതി. 2012ലാണ് 1.18 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതില്‍ ആദ്യഘട്ട പദ്ധതിക്ക് അനുവദിച്ച 50 ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ഡിടിപിസിക്ക് ലഭിക്കുകയും തുടര്‍ന്ന് ടെൻഡർ നടപടികള്‍ പൂര്‍ത്തീകരിച്ച് സിഡ്കോയ്ക്ക് നിര്‍മാണച്ചുമതലയും നല്കി. 12.5 ലക്ഷം രൂപാ അഡ്വാന്‍സായി കമ്പനി കൈപ്പറ്റുകയും ചെയ്തു.
അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍മാണ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നുമുണ്ടായില്ല. ഇതോടൊപ്പം ആരംഭിച്ച രാജാക്കാട് പഞ്ചായത്തിൽ തന്നെയുള്ള ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസ് ടൂറിസം പദ്ധതി നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ഇവിടെനിന്നു ഡിടിപിസിക്ക് വരുമാനം ലഭിക്കുന്നുണ്ട്.
പ്രകൃത്യാതന്നെ മനോഹരമായ കാഴ്ചകളും എപ്പോഴും വീശുന്ന ഇളംകാറ്റും ഉള്ള കള്ളിമാലി വ്യൂപോയിന്റ്് പൊന്മുടി ജലാശയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റുന്നതാണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നിർമിച്ച ടൂറിസം ഫെസിലിറ്റേഷൻ സെന്റർ മാത്രമാണ് സർക്കാർ തലത്തിൽ ചെയ്ത ടൂറിസം സൗകര്യം. മറ്റ് ഫണ്ടുകളൊന്നും രാജാക്കാട് പഞ്ചായത്ത് ഇതുവരെ ചെലവാക്കിയിട്ടില്ല. കെഎസ്ആർ ടിസിയുടെ ഉല്ലാസയാത്രാ സംഘം എല്ലാ ആഴ്ചകളിലും ഇവിടെ എത്തുന്നുണ്ട്.
സര്‍ക്കാര്‍ അനുമതിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സ്ഥലമില്ലെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. സ്ഥലമധികവും സ്വകാര്യവ്യക്തികളുടെ കൈവശമാണത്രേ.
അതേസമയം പദ്ധതി നടപ്പിലാക്കാതെ ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ കരാര്‍ കമ്പനിക്ക് ഡിടിപിസി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും അതിനാല്‍ കള്ളിമാലി വ്യൂപോയിന്റ് പദ്ധതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.