ക്ഷീര കർഷകസംഗമം നാളെ
1532342
Thursday, March 13, 2025 12:03 AM IST
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായി ക്ഷീരശ്രീ വനിത ഗ്രൂപ്പുകൾക്ക് നടപ്പാക്കുന്ന പശുവാങ്ങൽ പദ്ധതിയുടെ ഉദ്ഘാടനവും ബ്ലോക്ക് ക്ഷീര കർഷക സംഗമവും നാളെ രാവിലെ 9.30മുതൽ ആലക്കോട് പള്ളി പാരിഷ്ഹാളിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ്എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, സി.എൻ. വത്സലൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.
ബ്ലോക്കിലെ മികച്ച ക്ഷീരകർഷകനെയും കർഷകയെയും യുവകർഷകനെയും ആദരിക്കൽ, മികച്ച കർഷകനുള്ള ക്ഷേമനിധി അവാർഡ്, ക്ഷീരസംഘം പ്രസിഡന്റുമാരെ ആദരിക്കൽ, വിരമിച്ച സംഘം ജീവനക്കാരെ ആദരിക്കൽ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മിൽക്ക് ഇൻസെന്റീവ് വിതരണം, കറവയന്ത്രം പദ്ധതി ഉദ്ഘാടനം, ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായ പദ്ധതി ഉദ്ഘാടനം എന്നിവയും ചടങ്ങിൽ നടക്കും.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, ഇഞ്ചിയാനി ക്ഷീരസംഘം പ്രസിഡന്റ് റോയി കോക്കാട്ട്, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എം.പി. സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷ നൈസി ഡെനിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.