മൈനര്‍സിറ്റിയില്‍ വന്‍ തീപിടിത്തം; അഞ്ചേക്കർ കത്തിനശിച്ചു
1531762
Tuesday, March 11, 2025 12:05 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്തിന് സമീപം മൈനര്‍സിറ്റിയില്‍ വന്‍ തീപിടിത്തം. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ചേക്കറോളം സ്ഥലം പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പുല്‍മേടിന് തീപിടിച്ചത്. വേനല്‍ കടുത്തതോടെ പുല്ലുകള്‍ കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു. ഇതിനാല്‍ തീ അതിവേഗം പടരുകയും ചെയ്തു.
സമീപത്തെ നഴ്സിംഗ് കോളജിന്റെ സ്ഥലത്തേക്കും സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്കും തീ വ്യാപിച്ചെങ്കിലും ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി തീയണയ്ക്കാന്‍ കഴിഞ്ഞു. കൃഷിനാശമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. നെടുങ്കണ്ടം ഫയര്‍ ഫോഴ്സ് രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
ജില്ലാ പഞ്ചായത്തിന്റെ ഈ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സാമൂഹൃവിരുദ്ധരാണ് ഇവിടെ സ്ഥിരമായി തീയിടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ മദ്യപിച്ചശേഷം കുപ്പികളും മറ്റും വന്‍തോതില്‍ ഇവിടേക്ക് എറിഞ്ഞുപൊട്ടിക്കുന്നതും പതിവാണ്. ഇതിനാല്‍തന്നെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വളരെ പണിപ്പെട്ടാണ് തീയണച്ചത്.