കട്ടപ്പന ബ്ലോക്കു പഞ്ചയത്തിന് 59,09,14,101 രൂപയുടെ ബജറ്റ്
1532344
Thursday, March 13, 2025 12:03 AM IST
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന നിര്‍മാണം, ആരോഗ്യസംരക്ഷണം, ക്ഷീര മേഖല എന്നിവയ്ക്ക് മുൻഗണന നൽകി 59,54,07,137 രൂപ വരവും 59,09,14,101 രൂപ ചെലവും 44,93,036 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡന്റ് വി. പി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് കുസുമം സതീഷ് ബജറ്റ് അവതരിപ്പിച്ചു. ഭവന നിര്‍മാണ പദ്ധതിക്ക് 13.1 കോടി രൂപ വകയിരുത്തി. എസ്ടി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷം രൂപ ലഭിക്കും. പിഎംഎവൈ പദ്ധതിപ്രകാരം 1760 വീടുകളുടെ നിര്‍മാണത്തിന് അനുമതിയായി. കഴിഞ്ഞവര്‍ഷത്തെ ഗുണഭോക്താക്കളില്‍ 519 പേര്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്തു.
ബ്ലോക്കിനുകീഴിലുള്ള ഉപ്പുതറ, വണ്ടന്മേട് സിഎച്ച്സികള്ക്കായി 21.1 ലക്ഷം രൂപ ഉള്‍പ്പെടുത്തി. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനും സെക്കന്‍ഡറി പാലിയേറ്റീവ് പരിചരണത്തിനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഈ തുക ചെലവഴിക്കും. നിര്‍ധന രോഗികള്‍ക്കായി 21.1 ലക്ഷത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പാക്കും. രണ്ട് സിഎച്ച്സികളിലും മരുന്നുകള്‍ വാങ്ങാന്‍ 14 ലക്ഷം ഉള്‍പ്പെടുത്തി. ഉപ്പുതറ സിഎച്ച്സി ആധുനികവല്‍ക്കരണത്തിന് 20 ലക്ഷവും ആശുപത്രി വാര്‍ഡുകളിലെ വൈദ്യുതി കണക്ഷന് നവീകരണത്തിന് അഞ്ചു ലക്ഷവും ഉപ്പുതറ സിഎച്ച്സിയുടെ അറ്റകുറ്റപ്പണിക്ക് 20 ലക്ഷവും വണ്ടന്മേട് സിഎച്ച്സിയില് ഐസൊലേഷന്‍ വാര്‍ഡ് സംരക്ഷണത്തിന് 15.36 ലക്ഷവും വകയിരുത്തി.
ക്ഷീരകര്‍ഷര്‍ക്ക് സബ്സിഡി ഇനത്തില്‍ 20 ലക്ഷവും വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡിയായി 10 ലക്ഷവും കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 13.44 ലക്ഷവും നല്‍കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്സണ്, ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി ബേബി രജനി തുടങ്ങിയവർ പ്രസംഗിച്ചു.