സിപിഎം സമരം കണ്ണിൽ പൊടിയിടാൻ: യുഡിഎഫ്
1532340
Thursday, March 13, 2025 12:03 AM IST
തൊടുപുഴ: ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിർവഹണം തടസപ്പെടുത്തുന്നതു ജില്ലാ ഭരണകൂടമാണെന്നും കെട്ടിടനിർമാണ നിരോധനം പിൻവലിക്കണമെന്നും കെട്ടിടനിർമാണ സാമഗ്രികൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിർവഹണം തടസപ്പെട്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ജില്ലാകളക്ടർക്ക് മാത്രമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസുത്രണ സമിതി ഉപാധ്യക്ഷനായ സി.വി. വർഗീസും ചേർന്ന് ഏറ്റെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. പദ്ധതി വിഹിതം യഥാസമയം നൽകാത്തതും ട്രഷറി നിയന്ത്രണവുമാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം തടസപ്പെടാനുള്ള പ്രധാന കാരണം. എൻജിനിയറിംഗ് വിഭാഗത്തിൽ ഉദ്യോഗസ്ഥരുടെ കുറവും പദ്ധതി നിർവഹണത്തെ ബാധിച്ചിട്ടുണ്ട്. ജില്ലയിലെ വിഷയങ്ങൾ കളക്ടറുടെ മുന്നിലല്ല.
ഹൈറേഞ്ചിലെ ആവശ്യങ്ങൾക്കുള്ള പാറ പൊട്ടിച്ചെടുക്കാനുള്ള അനുമതി അടിയന്തരമായി നൽകണമെന്നും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ടി.എസ്. ഷംസുദീൻ, കെ. സുരേഷ്ബാബു, എം.കെ. പുരുഷോത്തമൻ, എൻ.ഐ. ബെന്നി എന്നിവരും പങ്കെടുത്തു.