ആകാശത്ത് ഇടുക്കിയുടെ കരുത്താകാൻ അനഘ
1532039
Tuesday, March 11, 2025 11:56 PM IST
അടിമാലി: പൈലറ്റാകണമെന്ന അടങ്ങാത്ത ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ട് സഫലീകരിക്കാന്‍ ഒരുങ്ങുകയാണ് 24കാരിയായ അനഘ. ചാറ്റുപാറ സ്വദേശിനിയായ അനഘ സോമനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റ് വിജയിച്ച് ഫ്ളൈയിംഗ് പരിശീലനത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി ഒരുങ്ങുന്നത്.
പൈലറ്റാകണമെന്ന ആഗ്രഹം അനഘയുടെ മനസില്‍ കുട്ടിക്കാലത്തു തന്നെ കയറിക്കൂടിയതാണ്. പ്ലസ്ടുവിന് ശേഷം ബിബിഎയും ഏവിയേഷനും എയര്‍പോര്‍ട്ട് മാനേജ്മെന്റ്് കോഴ്സുമെല്ലാം പൂര്‍ത്തീകരിച്ചപ്പോഴും പൈലറ്റാവുകയെന്ന സ്വപ്നം അനഘ കൈവിട്ടില്ല.
പരിമിതികളും പരാധീനതകളും പലതുണ്ടായിട്ടും തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തില്‍നിന്ന് അനഘ പിന്നോട്ട് പോയില്ല.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റ് വിജയിച്ച് അവസാന കടമ്പയായ ഫ്ളൈയിംഗ് പരിശീലനത്തിനായുള്ള തയാറെടുപ്പിലാണ് അനഘ. ഡല്‍ഹിയില്‍നിന്നു കംപ്യൂട്ട് നമ്പര്‍ ലഭിച്ച് വിസ പ്രോസസിംഗ് പൂര്‍ത്തീകരിച്ചാല്‍ പരിശീലനത്തിനായി അനഘ അമേരിക്കയിലേക്ക് പറക്കും.അമേരിക്കന്‍ ലൈസന്‍സ് നേടിയ ശേഷം രാജ്യത്ത് തിരികെയെത്തി ഇന്ത്യന്‍ ലൈസന്‍സിനും ഉടമയാകുകയെന്നതാണ് അനഘയുടെ ലക്ഷ്യം.
ബംഗളൂരുവിലായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റിനായുള്ള തയാറെടുപ്പുകള്‍ അനഘ നടത്തിയത്. അമേരിക്കയില്‍ ഒന്നര വര്‍ഷമാണ് അനഘയുടെ ഫ്ളൈയിംഗ് പരിശീലനം.
അവസാന കടമ്പകൂടി കടക്കുന്നതോടെ ഈ 24കാരി ആകാശത്ത് ഇടുക്കിയുടെ കരുത്താകും.
ചാറ്റുപാറ ഒഴുകയില്‍ സോമന് - ശോഭ ദമ്പതികളുടെ മകളാണ് അനഘ. മേഘയാണ് സഹോദരി.