10,819 അയൽക്കൂട്ടങ്ങൾ ഹരിത പദവിയിലേക്ക്
1532659
Thursday, March 13, 2025 11:39 PM IST
കുടയത്തൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജില്ലയിലെ 10,819 കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഹരിതമായി പ്രഖ്യാപിച്ചു. ജില്ലയിലാകെ 11,153 അയൽക്കൂട്ടങ്ങളാണുള്ളത്. കുടയത്തൂർ പഞ്ചായത്തിലെ ശരംകുത്തി റെസിഡന്റ്സ് അസോസിയേഷനെ ജില്ലയിലെ ആദ്യ ഹരിത റെസിഡന്റ്സ് അസോസിയേഷനായും പ്രഖ്യാപിച്ചു.
ജില്ലയിലെ 3196 സ്ഥാപനങ്ങൾ, 531 ഹരിത വിദ്യാലയങ്ങൾ, 51 കലാലയങ്ങൾ, ആറ് ടൂറിസം കേന്ദ്രങ്ങൾ, 172 ടൗണുകൾ, 111 പൊതു സ്ഥലങ്ങൾ എന്നിങ്ങനെയാണ് ജില്ലയുടെ മാലിന്യമുക്ത പ്രവർത്തനങ്ങളുടെ മുന്നേറ്റം. മാലിന്യമുക്ത ഇടുക്കി ജില്ലയുടെ പ്രഖ്യാപനം 30ന് നടത്തും.
ഹരിത പ്രഖ്യാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ്, ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പുഷ്പ വിജയൻ, സിഡിഎസ് ചെയർപേഴ്സണ് സിനി സാബു, ഡോ. കെ. റോയി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.