കാട്ടാനയാക്രമണത്തിൽ 10 വർഷത്തിനിടെ ജില്ലയിൽ 45പേർ കൊല്ലപ്പെട്ടു: മന്ത്രി ശശീന്ദ്രൻ
1532349
Thursday, March 13, 2025 12:03 AM IST
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ ഇടുക്കി ജില്ലയിൽ 45 പേർ കൊല്ലപ്പെട്ടതായി മന്ത്രി എ. കെ.ശശീന്ദ്രൻ പറഞ്ഞു. നിയമസഭയിൽ പി. ജെ. ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2015 മുതൽ നാളിതുവരെ സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ 9,412 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വന്യജീവി ആക്രമണത്തിനിരയായവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കുമായി 461.61 ലക്ഷം രൂപ നൽകാനുണ്ട്. യഥാസമയം അനന്തരാവകാശ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ലഭ്യമാക്കാത്തതാണ് നഷ്ടപരിഹാരത്തുക നൽകുന്നതിൽ കാലതാമസം നേരിടുന്നതിനുള്ള പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
മുള്ളരിങ്ങാട് റേഞ്ച് പരിധിയിൽ വരുന്ന ജനവാസ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള വനമേഖലകളിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ചുള്ളിക്കണ്ടം മുതൽ എടത്തന വരെ 9.2 കിലോമീറ്റർ ഫെൻസിംഗ് നിർമിക്കുന്നതിനുള്ള പ്രൊപ്പോസൽ ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. മുള്ളരിങ്ങാട് റേഞ്ച് പരിധിയിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്താതിരിക്കുന്നതിന് ഇഞ്ചിപ്പാറ മുതൽ ചുള്ളിക്കണ്ടം വരെ അഞ്ചു കിലോമീറ്റർ സോളാർ ഹാങ്ങിംഗ്ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.