ലഹരി ഉപയോഗം കേരളം നേരിടുന്ന വലിയ ദുരന്തം: മാർ ജോൺ നെല്ലിക്കുന്നേൽ
1531770
Tuesday, March 11, 2025 12:05 AM IST
ചെറുതോണി: കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് യുവാക്കളിലും കുട്ടികളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ.
ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനുള്ള നിയമസംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം സ്കൂളുകളിലും മതപഠന കേന്ദ്രങ്ങളിലും മറ്റ് മേഖലകളിലുമെല്ലാം നടത്തണം.
സാമൂഹ്യമാധ്യമങ്ങൾ, പത്രങ്ങൾ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ എന്നിവയിലൂടെയെല്ലാം ലഹരിയുടെ ദൂഷ്യവശങ്ങൾ ജനങ്ങളിലെത്തിക്കണം. ലഹരി വസ്തുക്കൾ ഉത്പാദിപ്പിക്കുന്നവരെയും വ്യാപാരം നടത്തുന്നവരെയും നിയമത്തിന്റെ മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണം. എങ്കിൽ മാത്രമേ ഈ ഭീകര ദുരന്തത്തിൽനിന്ന് ഇളംതലമുറയെ രക്ഷിക്കാനാവൂ.
ഇടുക്കി രൂപത എല്ലാ മേഖലകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതാണ്. രൂപതയിലെ വിവിധ സംഘടനകൾ വഴി ലഹരിവിരുദ്ധ കാമ്പയിൻ കൂടുതൽ ശക്തമാക്കും.
സർക്കാർ സംവിധാനത്തിലുള്ള ചിലരുടെ നടപടികൾ കാണുമ്പോൾ ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് തോന്നിപ്പോകും. അവരെ മറ്റാരൊക്കെയോ നിയന്ത്രിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് മക്കളെ ഭയന്ന് അന്തിയുറങ്ങുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചുവരികയാണ്.
ഇതിനെല്ലാം പിന്നിൽ ലഹരി മാഫിയയുടെ സ്വാധീനമുണ്ട്. സർക്കാരും പോലീസും എക്സൈസും അധ്യാപകരും സർക്കാർ ജീവനക്കാരും സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും മത സംഘടനകളുമെല്ലാം കാര്യക്ഷമമായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. മദ്യവിരുദ്ധ പ്രവർത്തനത്തെ അനുകൂലിക്കുന്ന നയമല്ല സർക്കാരിനുള്ളത്.
കെസിബിസി സർക്കാരിന്റെ മദ്യനയത്തിൽ അതിശക്തമായ പ്രതിഷേധം അറിയിച്ചിട്ടുള്ളതാണ്. സർക്കാരിന്റെ മദ്യനയത്തിൽ കുടുംബങ്ങളെ സ്നേഹിക്കുന്ന, മക്കളെ സ്നേഹിക്കുന്ന, നല്ല ഭാവിയെ സ്വപ്നം കാണുന്ന എല്ലാവർക്കും പ്രതിഷേധമുണ്ട്. മദ്യം-ലഹരി ഉപയോഗത്തിനെതിരേ കൂട്ടായ പ്രവർത്തനമുണ്ടാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു.