ഓട്ടോ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന്
1532038
Tuesday, March 11, 2025 11:56 PM IST
മൂലമറ്റം: ഓട്ടോ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹതയില്ലന്ന് ബന്ധുക്കൾ. മൂലമറ്റം അങ്കികുന്നേൽ ജോയിയുടെ മകൻ ടോണി (35) യെയാണ് കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുന്പ് ടോണിയുടെ മാതാവ് മരിച്ചിരുന്നു. അതിനു ശേഷം ടോണി മാനസിക സംഘർഷത്തിൽ ആയിരുന്നതായും ഇതിനു മരുന്നു കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഓട്ടം ഇല്ലാത്തതു കൊണ്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് ടോണി സ്റ്റാൻഡിൽനിന്ന് പോയിരുന്നു. വൈകുന്നേരവും തിരികെ വരാതിരുന്നതിനാൽ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സന്ധ്യയോടെ പൊട്ടൻപടി മലയുടെ താഴെ ഓട്ടോ കിടക്കുന്നതായി അറിഞ്ഞ് നാട്ടുകാർ കാഞ്ഞാർ പോലീസിനെ വിവരം അറിയിച്ചു.
പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തിയപ്പോൾ ഓട്ടോയ്ക്കു സമീപത്തുനിന്ന് ഫോണും താക്കോലും കണ്ടെത്തി. ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് രാത്രി സമീപത്തെ കൊക്കയിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാറക്കെട്ടിൽ നിന്ന് ചാടിയതാകാമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ കാഞ്ഞാർ എസ്ഐ ബി. ഹരിഹരന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി. സഹോദരി റൂബി.