മീനുളിയാൻപാറ പ്രവേശനം: നിവേദനം നൽകി
1532035
Tuesday, March 11, 2025 11:56 PM IST
പട്ടയക്കുടി: മൂന്ന് വർഷമായി സഞ്ചാരികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ടിരിക്കുന്ന മീനുളിയാൻപാറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പട്ടയക്കുടി വാർഡ് കമ്മിറ്റി പി.ജെ. ജോസഫ് എംഎൽഎയ്ക്ക് നിവേദനം നൽകി.
നൂറു കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന ഇടമാണ് മീനുളിയാൻപാറ. അപ്രതീക്ഷിതമായി വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ച് കാവൽ ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരേ സമരം ചെയ്തവർക്കെതിരേ കേസും എടുത്തു. 23 പേർ ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ്. വനസംരക്ഷണസമിതി രൂപീകരിച്ച് മീനുളിയാൻ പാറയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നും ഇതിലൂടെ നാട്ടുകാർക്ക് തൊഴിലും വരുമാനവും ഉണ്ടാക്കുമെന്നും അന്ന് വനം വകുപ്പ് പറഞ്ഞിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല.
സഞ്ചാരികൾ എത്തിയിരുന്നപ്പോൾ ഇവിടുത്തെ വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലഭിച്ചിരുന്ന വരുമാനം വനംവകുപ്പിന്റെ കടുംപിടുത്തം മൂലം നിലയ്ക്കുകയും ചെയ്തു. അതിനാൽ പ്രശ്നപരിഹാരത്തിനായി എംഎൽഎ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ബെസി ഉറുപ്പാട്ട്, സണ്ണി കളപ്പുര, ഷാജി കണ്ണാടിശേരി, രാജപ്പൻ തുരുത്തേൽ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.