ജീപ്പ് മറിഞ്ഞ് എട്ടു വിദ്യാർഥിനികൾക്ക് പരിക്ക്
1532043
Tuesday, March 11, 2025 11:56 PM IST
മറയൂർ: വിനോദസഞ്ചാരികളുമായി പോയ സഫാരി ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് എട്ടു വിദ്യാർഥിനികൾക്ക് പരിക്ക്. തമിഴ്നാട് വത്തലഗുണ്ട് ഗവ. കോളജിലെ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. ബിസിഎ രണ്ടാം വർഷ വിദ്യാർഥിനികളായ രാഘവി (19), ജനനി (19), കോകില (18), കൽക്കി (19), ശ്രുതി (19) ഉമ (19) കൗസല്യ (18), സലോമിയ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി, ജനനി എന്നിവരെ ഉദുമൽപേട്ടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറയൂർ ചന്ദനക്കാട്ടിലെ യാത്രയ്ക്കിടെയാണ് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞത്. എതിരേ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു.