സാൻജോ വോളി: കോഴിക്കോട് ജേതാക്കൾ
1531763
Tuesday, March 11, 2025 12:05 AM IST
രാജാക്കാട്: സിഎസ്ടി സഭ വൈദികനായ ജോസ്ഗിരി കുഴിമുള്ളിൽ ഫാ. എബിന്റെ സ്മരണയ്ക്കായി മുല്ലക്കാനം സാൻജോ കോളജിൽ നടന്ന മൂന്നാമത് സാൻജോ വോളിബോൾ ടൂർണമെന്റിൽ കോഴിക്കോട് ലിസ കോളജ് ജേതാക്കളായി.
ഫൈനൽ തിരുപ്പുർ ആർസൻ അമേരിക്കയെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കാണ് ലിസ പരാജയപ്പെടുത്തിയത്.
ഒന്നാം സ്ഥാനക്കാർക്ക് 30,001 രൂപയും ഫാ. എബിൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 25,001 രൂപയും സാൻജോ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു. പ്രാദേശിക ടീമുകളുടെ മത്സരത്തിൽ ചേറ്റുകുഴി സിക്സസ് ഒന്നാം സ്ഥാനവും പ്രകാശ് സിക്സസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 10,001, 5,001 രൂപയും അവാർഡും ട്രോഫിയും നൽകി. സമാപന സമ്മേളനം സിഎസ്ടി ആലുവ സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജിജോ ജയിംസ് ഇണ്ടിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
ആദ്യകാല വോളിബോൾ താരം വക്കച്ചൻ പുള്ളിയിൽ, കേരളത്തിനകത്തും പുറത്തും വോളിബോൾ മത്സരങ്ങൾ സ്ഥിരമായി കാണാനെത്തുന്ന പാലാക്കാരൻ ജോസഫ്, റഫറിയായി പ്രവർത്തിക്കുന്ന പനാമ തോമസ്, ദുബായിൽ നടന്ന മാസ്റ്റേഴ്സ് ഇന്റർനാഷണൽ വോളി ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ടീമംഗം ബാബു രാജാക്കാട് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫാ. ജോബിൻ പേണാട്ടുകുന്നേൽ, കണ്‍വീനർ ബോസ് തകിടിയേൽ, കോ-ഓർഡിനേറ്റർ സിബി പൊട്ടംപ്ലാക്കൽ, ബർസാർ ഫാ. അരുണ്‍ കോയിക്കാട്ടുചിറ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്മി, കോളജ് യൂണിയൻ ചെയർമാൻ ലിൻസോ ജോണി, പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമൻ എന്നിവർ പ്രസംഗിച്ചു.
വോളിബോൾ റഫറിയായി 42 വർഷങ്ങൾ
രാജാക്കാട്: 42 വർഷമായി വോളിബോൾ ടൂർണമെന്റുകളിൽ കളിനിയന്ത്രിക്കുകയാണ് 68കാരനായ പനാമ തോമസ് എന്നറിയപ്പെടുന്ന ബാലഗ്രാം കിഴക്കേപ്പറന്പിൽ കെ.ടി. തോമസ്. സ്കൂൾ പഠനകാലത്തു തന്നെ വോളിബോളിനെ പ്രണയിച്ച് ആദ്യകാലത്ത് താമസിച്ചിരുന്ന എല്ലക്കല്ലിലെ പള്ളി ഗ്രൗണ്ടിൽനിന്ന് വോളിബോൾ കളി തുടങ്ങിയ തോമസ് പിന്നീട് റഫറിയുടെ കുപ്പായം അണിയുകയായിരുന്നു. ഇപ്പോഴും അതു തുടരുകയാണ്.
ആദ്യകാലത്ത് ജീപ്പ് ഡ്രൈവറായിരുന്ന തോമസ് നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. 1983 ലാണ് റഫറി ടെസ്റ്റ് പാസായി കേരള വോളിബോൾ അസോസിയേഷന്റെ റഫറി പാനലിൽ അംഗമായത്. കഴിഞ്ഞ 27 വർഷമായി നെടുങ്കണ്ടത്തിനടുത്ത് ബാലഗ്രാമിലാണ് താമസം.