നഗരസഭയുടെ വാഹനം തടഞ്ഞ് വ്യാപാരികൾ
1532042
Tuesday, March 11, 2025 11:56 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ വെളിയിലേക്ക് ഇറക്കി വസ്തുക്കൾ ഡിസ്പ്ലേ ചെയ്തതും കെട്ടിടത്തിന് വെളിയിലേക്ക് ഡെസ്കും അനുബന്ധ സാധനങ്ങളും വച്ച് വിൽപ്പന നടത്തിയതുമായ വസ്തുക്കൾ നഗരസഭാ അധികൃതർ പിടിച്ചെടുത്തു. ഇവ നഗരസഭയുടെ വാഹനത്തിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി സാധനങ്ങൾ കൊണ്ടുപോയ നഗരസയുടെ ലോറി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിട്ടു.
വിഷയത്തിൽ വ്യാപാരികൾക്ക് നിരവധി തവണ മുന്നറിയിപ്പു നൽകിയിരുന്നു.എന്നാൽ, ഏതാനും കച്ചവടക്കാർ അനധികൃതമായി നിർമാണം നടത്തി കച്ചവടം നടത്തുന്നതിനെതിരേയാണ് നടപടി സ്വീകരിച്ചതെന്നും വ്യാപാരികൾ വീണ്ടും ഇതേ പ്രവർത്തനം തുടർന്നാൽ കർശന നടപടിയിലേക്ക് പോകുമെന്നും നഗരസഭാ സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു. അതേസമയം, വ്യാപാരികളോട് ശത്രുതാപരമായ നിലപാടാണ് നഗരസഭ പുലർത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇതിനെ ശക്തമായി എതിർക്കുമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.
ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കി വൻകിട സൂപ്പർ മാർക്കറ്റുകളെ സംരക്ഷിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് പോലീസെത്തി ക്രമസമാധാനം ഉറപ്പാക്കി. തുടർന്ന് നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തി വ്യാപാരികളും വ്യാപാരി സംഘടനകളുമായി ചർച്ച നടത്തി. പിടിച്ചെടുത്ത വസ്തുക്കൾ വിട്ടുനൽകിയ ശേഷമാണ് വാഹനം കടത്തിവിട്ടത്.