എൻഡോസ്കോപി വഴി സ്മിത ആശുപത്രിയിൽ ട്യൂമർ നീക്കി
1532658
Thursday, March 13, 2025 11:39 PM IST
തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ 34 വയസുള്ള യൂവാവിന്റെ വൻകുടലിലെ എട്ട് സെന്റിമീറ്റർ വലിപ്പമുള്ള മുഴ ശാസ്ത്രക്രിയ കൂടാതെ എൻഡോസ്കോപ്പി വഴി നീക്കം ചെയ്തു. അമിതമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇടുക്കി സ്വദേശിയായ രോഗിയിൽ നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്.
ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ബോണി ജോർജ്, അനസ്തേഷ്യ വിഭാഗം ഡോ. മിൽട്ട എന്നിവരുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പി ശസ്ത്രക്രിയ വഴി മുഴ പൂർണമായും നീക്കം ചെയ്യുകയായിരുന്നു. രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.
സാധാരണ ഇത്തരം സംഭവങ്ങളിൽ രോഗിയുടെ വലതു വശത്തെ കുടൽ നീക്കം ചെയ്യുകയോ കുടലിന്റെ പുറത്തേക്കു സ്റ്റോമ ബാഗ് ഘടിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇതിലൂടെ രോഗിക്കു ആശുപത്രി വാസവും ഇൻഫെക്ഷൻ സാധ്യതയും കൂടുതലാകാനിടയുണ്ട്. എന്നാൽ എൻഡോസ്കോപ്പി വഴിയുള്ള ശാസ്ത്രക്രിയ മൂലം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല. രോഗം നേരത്തേ കണ്ടെത്തിയാൽ ഇത്തരം ശാസ്ത്രക്രിയകൾ ഫലപ്രദവും വിജയകരവുമായിരിക്കുമെന്ന് ഡോ. ബോണി ജോർജ് പറഞ്ഞു. മധ്യകേരളത്തിൽ അപൂർവമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്.