എംഡിഎംഎ പിടി കൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
1531764
Tuesday, March 11, 2025 12:05 AM IST
തൊടുപുഴ: നഗരത്തിൽനിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. ഉടുന്പന്നൂർ തട്ടക്കുഴ തൊട്ടിപ്പറന്പിൽ ഫൈസൽ ജബ്ബാർ (31) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖിൽ കുമാർ (28), ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തൻപുരയ്ക്കൽ പി.എസ്.ഫെമിൽ (27) എന്നിവരെ തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്തിരുന്നു.
ഇവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് ഫൈസലാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് തൊടുപുഴ ധന്വന്തരി ജംഗ്ഷന് സമീപത്തുനിന്നു 1.79 ഗ്രാം എംഡിഎംഎയുമായി അഖിൽകുമാറിനെയും ഫെമിലിനെയും പോലീസ് പിടികൂടിയത്. നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു ഇരുവരും. ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നിർദേശപ്രകാരം എസ്ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.