വണ്ടിപ്പെരിയാർ പാലവും അമ്മച്ചി കൊട്ടാരവും സംരക്ഷിതപട്ടികയിൽ
1532351
Thursday, March 13, 2025 12:03 AM IST
ഇടുക്കി: നൂറ്റാണ്ടിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമിതിയായും അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
വണ്ടിപ്പെരിയാർ പാലത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും തിരക്കേറിയ വാഹന സഞ്ചാരമുള്ള പാലമായതിനാൽ 1968ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാതനാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിത സ്മാരകമാക്കുന്നത് പ്രായോഗികമല്ല.
അതിനാൽ ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായ പാലത്തെ പൈതൃക നിർമിതിയായി പ്രഖ്യാപിച്ച് സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ് നിർദേശിച്ചിരിക്കുന്നത്. രണ്ടു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർക്ക് പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 25 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്.