ക്ഷീരവികസന വകുപ്പിന്റെ ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് ജില്ലയിൽ തുടക്കം
1532041
Tuesday, March 11, 2025 11:56 PM IST
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെ ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ ക്ഷീരമേഖലയിൽ മികവുപുലർത്തുന്ന ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയ്ക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെയാണ് ഫോക്കസ് ബ്ലോക്കായി തെരഞ്ഞെടുത്ത് പശുവാങ്ങൽ പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ വനിതാ ഘടകങ്ങൾക്കായി ആവിഷ്കരിക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് ഇളംദേശം ബ്ലോക്കിലാണ്. പദ്ധതിയുടെ ഉദ്ഘാടനം 14ന് തൊടുപുഴ റിവർ വ്യൂ ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.
ത്രിതല പഞ്ചായത്ത് മാർഗരേഖ പ്രകാരം ബ്ലോക്ക് പഞ്ചായത്തു കൾക്ക് വനിതാ ഘടകപദ്ധതിയിൽ പശുവാങ്ങൽ പദ്ധതി നേരിട്ടു നിർവഹിക്കുന്നതിന് അനുമതിയില്ല. എന്നാൽ കളക്ടർ അധ്യക്ഷയായ ജില്ലാ വികസന സമിതിയിൽ ഫോക്കസ് ബ്ലോക്കിലെ വനിതാ ഗ്രൂപ്പിന് പശുവാങ്ങൽ പദ്ധതിക്ക് പ്രത്യേക അനുമതി വാങ്ങിയാണ് ക്ഷീരവികസന വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 16,10,000 രൂപ വനിതാ ഘടക ഫണ്ട് വകയിരുത്തി. ഇളംദേശം ക്ഷീരവികസന ഓഫീസറാണ് നിർവഹണ ഉദ്യോഗസ്ഥൻ.
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന അഞ്ചംഗങ്ങളുള്ള ക്ഷീരശ്രീ വനിതാ ജെഎൽജി ഗ്രൂപ്പുകൾക്ക് മുൻഗണന നൽകി നടപ്പാക്കുന്ന പദ്ധതിയിൽ പൊതു വിഭാഗത്തിൽ ഒരംഗത്തിന് പശുവിനെ വാങ്ങുന്നതിന് 30,000 രൂപ ധനസഹായ നിരക്കിലും അഞ്ചംഗങ്ങളുള്ള ഗ്രൂപ്പിന് 1,50,000 രൂപയും ലഭിക്കും. പൊതു വിഭാഗത്തിൽ എട്ടു ഗ്രൂപ്പുകളിലായി 40 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കും. പദ്ധതി വഴി 40 പശുക്കളെ ബ്ലോക്കിൽ പുതുതായി വാങ്ങും.
പട്ടികവർഗ വിഭാഗത്തിലെ ഒരംഗത്തിന് പശു വാങ്ങുന്നതിന് 40,000 രൂപ ധനസഹായ നിരക്കിലും അഞ്ചംഗങ്ങളുള്ള ഗ്രൂപ്പിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. പട്ടികവർഗ വിഭാഗത്തിലെ രണ്ടു ഗ്രൂപ്പുകളിലായി 10 ഗുണഭോക്താക്കൾക്ക് 10 പശുക്കളെ വാങ്ങാൻ ധനസഹായം ലഭിക്കും.
ക്ഷീരവികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത് ക്ഷീരസംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് സ്വന്തമായി നിയമാവലിയും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.
ക്ഷീരസംഘത്തിൽ പാൽ അളക്കുകയും പാൽ വില ക്ഷീര സംഘത്തിൽനിന്നു ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറുന്നതുമാണ്. ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരവരുടെ വീട്ടിൽ തന്നെ പശുക്കളെ വളർത്തി വരുമാനം നേടാം.
ഉദ്ഘാടനവും അവാർഡ് വിതരണവും 14ന്
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെ ഫോക്കസ് ബ്ലോക്കിന്റെ സംസ്ഥാന തല ഉദ്ഘാടനവും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെയും വിവിധ അവാർഡുകളുടെ വിതരണവും 14ന് തൊടുപുഴ റിവർ വ്യൂ ഹാളിൽ നടത്തും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
ക്ഷീരവികസന വകുപ്പിന്റെ മികച്ച ക്ഷീരകർഷകർക്കുളള സംസ്ഥാന, മേഖലാ, ജില്ലാതല ക്ഷീരസഹകാരി അവാർഡുകൾ, മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡുകൾ, സംഘം ജീവനക്കാർക്കുളള അവാർഡുകൾ എന്നിവ വിതരണം ചെയ്യും. ഇതിനു പുറമേ ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ മികച്ച ക്ഷീകർഷകനുളള അവാർഡും ക്ഷീരസാന്ത്വനം അവാർഡുകളും വിതരണം ചെയ്യും.
ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, എം.എം. മണി, വാഴൂർ സോമൻ, എ. രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കെസിഎംഎംഎഫ് ചെയർമാൻ കെ.എസ്. മണി, മുനിസിപ്പൽ ചെയർപേഴ്സൻമാരായ സബീന ബിഞ്ചു, ബീന ടോമി, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ എന്നിവർ പ്രസംഗിക്കും.