വന്യമൃഗങ്ങൾക്ക് ജീവജലവുമായി മൂന്നാർ വന്യജീവി ഡിവിഷൻ
1531448
Sunday, March 9, 2025 11:44 PM IST
മറയൂർ: വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കിറങ്ങി ജീവനും സ്വത്തിനും നാശം വരുത്തുന്പോൾ അതിനു തടയിടാൻ ആവാസ വ്യവസ്ഥയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി വനംവന്യജീവി വകുപ്പ്. കൊടുംവേനലിൽ കാടിന്റെ പച്ചപ്പും കാട്ടരുവികളിലെ ജലവും ഇല്ലാതാകുന്പോൾ വന്യമൃഗങ്ങൾക്കാവശ്യമായ വെള്ളവും ഭക്ഷണവും അവിടെ ഒരുക്കുകയാണ് മൂന്നാർ വന്യജീവി ഡിവിഷൻ ചെയ്യുന്നത്.
മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഷോല ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ വന്യമൃഗങ്ങൾക്ക് ജീവജലം നൽകാനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
കാട്ടിൽ ഒരു കുളം
കാട്ടാന, കാട്ടുപോത്ത്, കരടി, പുലി ഉൾപ്പെടെ വന്യമൃഗങ്ങൾ വേനൽക്കാലത്ത് തീറ്റയും വെള്ളവും തേടി നാട്ടിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ വനത്തിൽ കുടിവെള്ളം ഉൾപ്പെടെ ലഭ്യമാക്കുകയാണ് വനംവകുപ്പ് ചെയ്തിട്ടുള്ളത്.
ഇതിനായി ഡിവിഷനിലെ വനമേഖലയിൽ നീരുറവകൾ കണ്ടെത്തി അത് ശുചീകരിച്ച് കാട്ടു കന്പുകൾ കൊണ്ട് തടയണ നിർമിച്ചും ചിലയിടങ്ങളിൽ കുളം നിർമിച്ചും വെള്ളം ശേഖരിച്ച് വന്യമൃഗങ്ങൾക്ക് നൽകാനുള്ള ജോലികളാണ് നടന്നുവരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചതിനെ തുടർന്ന് ഒട്ടേറെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
മൃഗങ്ങളെ വനത്തിനുള്ളിൽത്തന്നെ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് ജീവനക്കാരുടെയും വാച്ചർമാരുടെയും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജലസംഭരണസംവിധാനങ്ങൾ ഒരുക്കി വരുന്നതെന്ന് മൂന്നാർ വൈൽഡ്ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു.
ഷാല ദേശീയോദ്യാനത്തിൽ അസി. വൈൽഡ് ലൈഫ് വാർഡൻ കെ.കെ. അനന്തപത്മനാഭൻ, ഡെപ്യുട്ടി റേഞ്ച് ഓഫിസർ വി.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ നീരുറവയുള്ള മുപ്പതോളം ഇടങ്ങളിൽ തടയണ കെട്ടി വെള്ളം ശേഖരിക്കാനുള്ള ജോലികളും ചിന്നാർ വന്യജീവി സങ്കേതത്തിൽ അസി. വൈൽഡ്ലൈഫ് വാർഡൻ രാജശേഖരന്റെ നേതൃത്വത്തിൽ നീരുറവയുള്ള ഇരുപതോളം ഇടങ്ങളിലും ഇതിനുള്ള ജോലികൾ നടന്നുവരികയാണ്.