വർഷാവസാനം ഉദ്യോഗസ്ഥ സ്ഥലംമാറ്റം: പദ്ധതികൾ താളം തെറ്റിക്കുന്നു
1531766
Tuesday, March 11, 2025 12:05 AM IST
ഉപ്പുതറ: സാമ്പത്തിക വർഷത്തിന്റെ അവസാനസമയം നിർവഹണ ഉദ്യോഗസ്ഥരുടെ നിയമനവും ചുമതലാ കൈമാറ്റവും നടത്തുന്നത് പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു. ജില്ലയിൽ 23 പഞ്ചായത്തുകളിലാണ് പുതിയ അസി. എൻജിനിയർമാരെ നിയമിച്ച് സർക്കാർ ഉത്തരവായത്. ഇവരിൽ പലരും തിങ്കളാഴ്ച ചാർജ് എടുക്കുനാണ് സാധ്യത. ചാർജെടുത്താൽ തന്നെ കൈമാറി കിട്ടിയ എസ്റ്റിമേറ്റ് മുതൽ പ്രവൃത്തി ചെയ്യുന്നതു വരെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് പുതിയ എഇ മാരാണ്. ഇവരുടെ പരിജ്ഞാന കുറവും പരിശോധിച്ച് ഉറപ്പാക്കാനുള്ള സമയവും പ്രശ്നമാകും.
മാത്രമല്ല പുതിയ എഇമാരുടെ പേരിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉണ്ടാവണം. ഇതിന് കുറഞ്ഞത് 15 ദിവസമെങ്കിലും ആവശ്യമാണ്. അപ്പോഴേക്കും മാർച്ച് മാസം കഴിയും. റോഡ്, കുളം ഉൾപ്പടെ പൂർത്തിയായ നിർമാണങ്ങളുടെ ബില്ല് ട്രഷറിയിൽ നൽകേണ്ട സമയമാണ്. പദ്ധതിയിൽ ഇടം പിടിച്ച ബാക്കി പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കുകയും വേണം. ഇതെല്ലാം ചെയ്യേണ്ടത് എഇ ആണ്. മൂന്നു മാസം മുൻപ് പുതിയ നിയമനം നടത്തിയിരുന്നെങ്കിൽ ഇതെല്ലാം സുതാര്യമായി നടന്നേനെ.
കല്ല്, മെറ്റൽ, മണൽ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ കിട്ടാത്തതിനാൽ വിവിധ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങുന്ന അവസ്ഥയിലുമാണ്. ഉപ്പുതറ ഉൾപ്പെടെയുള്ള ഏതാനും പഞ്ചായത്തുകളിൽ സെക്രട്ടറിമാർ ഇല്ലാത്തതും സെക്ഷൻ കൈകാര്യം ചെയ്തിരുന്ന ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും വികസന ഫണ്ട് ചെലവഴിക്കുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒഴിവുകളിൽ നിയമനം നടത്തിയെന്ന് സർക്കാരിന് പറയാമെങ്കിലും പ്രാദേശികമായി നടക്കേണ്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾ താളം തെറ്റും.