മൈലക്കൊന്പ് സെന്റ് തോമസ് കോളജിന് ദേശീയ പുരസ്കാരം
1531759
Tuesday, March 11, 2025 12:04 AM IST
മൈലക്കൊന്പ്: വിദ്യാലയങ്ങളിലെ ഭാഷാ അധ്യാപനവുമായി ബന്ധപ്പെട്ട് മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ വികസിപ്പിച്ചെടുത്ത പുതിയ അധ്യാപന മാതൃകയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു.
അധ്യാപനത്തിൽ നൂതന ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാലയങ്ങളെയും അധ്യാപക, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവർഷവും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി നൽകിവരുന്ന പുരസ്കാരമാണിത്.
വിദ്യാലയങ്ങളിൽ സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, കലാ, കായിക, വിദ്യാഭ്യാസം തുടങ്ങിയ ഭാഷേതര വിഷയങ്ങൾ പഠിപ്പിക്കുന്പോൾ ഭാഷാ പഠനത്തിനുകൂടി പ്രാധാന്യം ലഭിക്കുന്ന വിധത്തിൽ പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ അധ്യാപന മാതൃകയ്ക്കാണ് കോളജിന് പുരസ്കാരം ലഭിച്ചത്.
ഡൽഹി സിഇആർടി പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ഭരദ്വാജ് കോളജ് സന്ദർശിക്കുകയും അധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു.
പ്രിൻസിപ്പൽ റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കലിന്റെ നേതൃത്വത്തിൽ അധ്യാപകരായ ഡോ. ടി.സി. കുര്യൻ, ഫ്രാൻസിസ് നെല്ലിക്കുന്നേൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്.