ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: 53 പേർ പിടിയിലായി
1531769
Tuesday, March 11, 2025 12:05 AM IST
തൊടുപുഴ: വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തടയാൻ സംസ്ഥാന വ്യാപകമായി എക്സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി 53 കേസുകൾ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ എന്ന രഞ്ജിത് ഗോപിനാഥ് ഉൾപ്പെടെ 53 പേരാണ് പിടിയിലായത്.
കഞ്ചാവ്, കഞ്ചാവ് ചെടികൾ എന്നിവയ്ക്കു പുറമേ മാരക ലഹരിമരുന്നായ എംഡിഎംഎയും ഹഷീഷ് ഓയിലും ജില്ലയിൽ പിടികൂടിയവയിൽ ഉൾപ്പെടുന്നു. മറ്റുജില്ലകളിൽനിന്നാണ് ഇടുക്കിയിലേക്ക് ലഹരി സാധനങ്ങൾ കൂടുതലായി എത്തുന്നത്. നാളെവരെയാണ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന നടക്കുന്നതെങ്കിലും തുടർന്നും ശക്തമായ തോതിൽ പരിശോധന തുടരുമെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. സുരേഷ് പറഞ്ഞു.
സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് എക്സൈസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്. ചിന്നാർ, ബോഡിമെട്ട്, കന്പംമെട്ട്, കുമളി ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് സർക്കിൾ ഓഫീസുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കു പുറമേ രണ്ട് സ്പെഷൽ സ്ക്വാഡുകളിലെ ഉദ്യോഗസ്ഥരും രാത്രിയും പകലുമായി നടക്കുന്ന പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.
പുറമേ നിന്നെത്തുന്ന സഞ്ചാരികളിൽനിന്നാണ് കൂടുതലായും ലഹരിവസ്തുക്കൾ പിടികൂടിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു. ജില്ലയിലേക്ക് ലഹരി ഉത്പന്നങ്ങൾ കടന്നുവരുന്നത് തടയുകയാണ് ലക്ഷ്യം. ജില്ലയിലൂടെ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്കൂൾ, കോളജ് പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. വാഗമണ്, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്.
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിലായതിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം. ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിലും ലഹരി പരിശോധന ഉൗർജിതമായി നടന്നുവരികയാണ്.
അതേസമയം ബോധവത്കരണം, പരിശോധന, ശിക്ഷാനടപടികൾ എന്നിവ തകൃതിയായി നടക്കുന്പോഴും ലഹരി ഒഴുക്ക് നിർബാധം തുടരുകയാണ്. പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണെന്നും വൻ ലഹരിക്കച്ചവടക്കാർ കേസിൽനിന്നു രക്ഷപ്പെടുകയാണെന്നും പരാതിയുണ്ട്. പല കേസുകളിലും പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്.
ഇതിനിടെ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ എന്ന രഞ്ജിത് ഗോപിനാഥ് പിടിയിലായ കേസിൽ ലഹരി ഉത്പന്നം ഇയാൾക്ക് ലഭിച്ച വഴികളെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി. പനന്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് പരിശോധന നടത്തിയിരുന്നു.