വിജയമ്മ വധം: പ്രതി കുറ്റക്കാരനെന്ന് കോടതി; വിധി ഇന്ന്
1511468
Wednesday, February 5, 2025 11:06 PM IST
തൊടുപുഴ: പ്രമാദമായ വണ്ടിപ്പെരിയാർ ഡൈമുക്ക് വിജയമ്മ കൊലക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33)യാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഡൈമുക്ക് പുന്നവേലി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) 2020 ഫെബ്രുവരി 23നാണ് കൊല്ലപ്പെട്ടത്. പീഡന ശ്രമം ചെറുത്ത വിജയമ്മയെ പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പശുവിനെ അഴിക്കുന്നതിനായി തേയിലക്കാട്ടിൽ എത്തിയ വിജയമ്മയെ പക്ഷികളെ പിടിക്കുന്നതിനു മരത്തിൽ കയറിയിരുന്ന രതീഷ് കണ്ടു. ഇതോടെ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ തലയ്ക്കു പിന്നിൽ കത്തിയുടെ പിടികൊണ്ട് അടിച്ചു ബോധം കെടുത്തിയശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ വീട്ടമ്മ ഉണർന്നപ്പോൾ കത്തി കൊണ്ടു തലയ്ക്കു പിന്നിൽ മൂന്നു തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ.ബാൽ ഇന്ന് വിധി പറയും. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ പി.എസ്.രാജേഷ് ഹാജരായി.