പുലിക്കായി സ്ഥാപിച്ച കാമറയിൽ കാട്ടുപൂച്ച
1511135
Tuesday, February 4, 2025 11:52 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ ആലടിയിൽ പുലിക്കായി സ്ഥാപിച്ച കാമറയിൽ പതിഞ്ഞത് കാട്ടുപൂച്ചയുടെ ചിത്രം. നാട്ടുകാർ പുലിയെ കണ്ടെന്നു പറയുന്ന ആലടി സ്വദേശി നിധിൻ മുരളീധരന്റെ പുരയിടത്തിലാണ് കാമറ സ്ഥാപിച്ചിരുന്നത്. ഇന്നു വീണ്ടും കാമറ സ്ഥാപിക്കും. കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞാൽ കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലടി പുളിക്കൽ നിധിന്റെ ഭാര്യ അനുവാണ് ഞായറാഴ്ച രാത്രി ഒന്പതോടെ പുലിയെ കണ്ടത്. ശബ്ദം കേട്ട് ജനൽ പാളിയിലൂടെ നോക്കിയപ്പോഴായിരുന്നു പുലിയെ കണ്ടത്. പെരിയാറിന്റെ തീരത്തുനിന്ന് മലയോര ഹൈവേയിലേക്കു കയറുന്നതാണ് കണ്ടത്. നായയെ കടിച്ചുപിടിച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു.
ഉടൻതന്നെ അയൽക്കാർക്കു ഫോൺ ചെയ്തു വിവരമറിയിച്ച് നാട്ടുകാർ എത്തിയപ്പോഴേക്കും കാട് വളർന്നു നിൽക്കുന്ന മലമുകളിലേക്കു പുലി മറഞ്ഞെന്നാണ് വീട്ടമ്മ ഉറപ്പിച്ചു പറഞ്ഞത്. ഉപ്പുതറ പോലീസും കാഞ്ചിയാറിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാമറ സ്ഥാപിക്കുകയായിരുന്നു. പുലിയെ നേരിട്ട് നാലുപേർ കണ്ടതായി പറയുന്നതിനാൽ കാമറ മാറ്റി വയ്ക്കാനാണ് തീരുമാനം .