മന്ത്രിമാരായ എം.ബി. രാജേഷിനും റോഷിക്കും വിമർശനം
1511129
Tuesday, February 4, 2025 11:52 PM IST
തൊടുപുഴ: മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും എം.ബി. രാജേഷിന്റെയും പ്രവർത്തനത്തിനെതിരേ സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. സാധാരണക്കാർ നിരന്തരം ബന്ധപ്പെടുന്ന തദ്ദേശസ്വയംഭരണ വകുപ്പിനേക്കാൾ മന്ത്രി എം.ബി. രാജേഷ് മറ്റ് വകുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് പ്രതിനിധികൾ വിമർശനമുന്നയിച്ചത്.
തദ്ദേശസ്വയംഭരണ വകുപ്പ് നാഥനില്ലാ കളരിയായി മാറി. മന്ത്രിക്ക് എക്സൈസ് വകുപ്പിലാണ് കൂടുതൽ ശ്രദ്ധയെന്നുമായിരുന്നു വിമർശനം. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ പ്രശ്നങ്ങളിൽ വേണ്ടവിധം ഇടപെടുന്നില്ലെന്നായിരുന്നു വിമർശനം. പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോയ്സ് ജോർജിനെ സ്ഥാനാർഥിയാക്കിയതാണ് ഇത്രയും വലിയ പരാജയം ഇടുക്കിയിലുണ്ടാകാൻ കാരണമെന്ന് ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വനം- റവന്യൂ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിലുള്ളത്. നിർമ്മാണ നിരോധനമടക്കമുള്ള ജനവിരുദ്ധ ഉത്തരവുകളിലൂടെ റവന്യൂ വകുപ്പ് മലയോര ജനതയെ നിരന്തരം വെല്ലുവിളിക്കുകയാണ്.
ഭൂപതിവ് ഭേദഗതി നിയമം പാസായി മാസങ്ങൾ കഴിഞ്ഞിട്ടും ചട്ടം നിർമ്മിക്കാനാകാത്തത് റവന്യൂ വകുപ്പിന്റെ പിടിപ്പുകേടാണ്. സി.എസ്.ആർ വിഷയത്തിൽ കൃത്യമായി കാര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിലും വകുപ്പ് പരാജയപ്പെട്ടു. മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിൽ വനംവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
ഇന്നലെ ആരംഭിച്ച ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 319 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളുടക്കം 358 പേർ പങ്കെടുക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസ് തന്നെ തുടരാനാണ് സാധ്യത.
പൊതുസമ്മേളനം നാളെ വൈകിട്ട് അഞ്ചിന് ഗാന്ധി സ്ക്വയറിലെ പഴയ ബസ്സ്റ്റാൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.