സീഡ് സൊസൈറ്റി തട്ടിപ്പ്: സ്റ്റേഷനുകളിൽ പരാതിപ്രളയം
1510853
Monday, February 3, 2025 11:38 PM IST
തൊടുപുഴ: വൻകിട കന്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ഇരയായവരിൽ തൊടുപുഴ മേഖലയിലുള്ളവരും. കോടികൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട ജില്ലയിൽ ഇതിനോടകം തന്നെ നൂറുകണക്കിന് പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ചത്. ഇന്നലെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നാൽപതോളം പരാതികളാണ് ലഭിച്ചത്. ഇതിൽ ഒര കേസ് രജിസ്റ്റർ ചെയ്തതായും മറ്റു പരാതികളിലും തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
സീഡ് സൊസൈറ്റികൾ രൂപീകരിച്ച് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതിയായ തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കളത്തുകാവ് ക്ഷേത്രത്തിനു സമീപം ചൂരകുളങ്ങര അനന്തു കൃഷ്ണനെ (28) കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനിരയായവർ കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തിയത്. തൊടുപുഴയ്ക്ക് പുറമെ കാഞ്ഞാർ പോലീസ് സ്റ്റേഷനിലും മുപ്പതോളം പരാതികൾ ലഭിച്ചു. നെടുങ്കണ്ടം മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ തട്ടിപ്പിനിരയായത്. ഇവിടെ ഇതിനകം അന്പതിലേറെ പേർ പരാതി നൽകിയിട്ടുണ്ട്. അടിമാലിയിലും നിരവധി പേർ പരാതി നൽകി. ജില്ലയ്ക്ക് പുറത്തു നിന്നും ലഭിച്ച പരാതികളും സമാന രീതിയിലുള്ളവയാണ്. സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പിന്റെ വ്യാപ്തി ഏറെ വലുതാണ്.
ഇടുക്കിയിൽ മാത്രം നൂറുകണക്കിന് പേർ തട്ടിപ്പിനിരയായതായാണ് സൂചന. മാനക്കേട് കാരണം പോലീസിൽ രേഖാ മൂലം പരാതി നൽകാത്തവരും ഒട്ടേറെയുണ്ട്. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കർഷകരും സാധാരണക്കാരുമാണ്. നാഷനൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ- ഓർഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കണ്സൾട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്.
എന്നാൽ, ഇതുവരെ ഒരു കന്പനിയിൽ നിന്നും സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ അനന്തു പോലീസിനോട് സമ്മതിച്ചിരുന്നു. കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ എത്തിയാൽ പണം തിരികെ കിട്ടാനുള്ള സാധ്യത മങ്ങുമെന്ന മുന്നറിയിപ്പുമായി പോലീസ് സ്റ്റേഷനിൽനിന്ന് അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ പുറത്തുവന്നിരുന്നു.