അപകടം ഒളിപ്പിച്ച് പുത്തേട് വ്യൂ പോയിന്റ്
1510860
Monday, February 3, 2025 11:38 PM IST
തൊടുപുഴ: പുത്തേട് വ്യൂപോയിന്റിൽ അപകടം പതിയിരിക്കുന്നു.കാഞ്ഞാർ- വാഗമണ്‍ റോഡിൽ പുത്തേടിനും കന്പംകാനത്തിനും മധ്യേയുള്ള സഞ്ചാരികളുടെ ഇഷ്ടയിടംകൂടിയാണ് പുത്തേട് വ്യൂ പോയിന്റ്. വാഗമണ്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
ദീർഘദൂര യാത്രയ്ക്കിടെ വിശ്രമിക്കാൻ സഞ്ചാരികൾ വാഹനം നിർത്തുന്നതും ഇവിടെയാണ്. ഇവിടത്തെ ഇളംകാറ്റും ദൂരക്കാഴ്ചകളും ആരെയും ആകർഷിക്കുന്നതാണ്. 500 മുതൽ 1000 അടിവരെ താഴ്ചയുള്ള കൊക്കയുള്ള പ്രദേശമാണിവിടം. റോഡിന്റെ ഓരത്ത് കലുങ്ക് നിർമിച്ചിട്ടുണ്ടെങ്കിലും ഇതിന് ഉയരം കുറവായതിനാൽ കാൽ വഴുതിയാൽ അഗാധമായ കൊക്കയിലേക്ക് പതിക്കാനുള്ള സാധ്യതയേറെയാണ്.
കഴിഞ്ഞ ന്യൂഇയറിന് ഇവിടെ നിന്ന് പടക്കം പൊട്ടിച്ച യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരണമടഞ്ഞിരുന്നു. കൊച്ചുകുട്ടികളടക്കം എത്തുന്ന ഇവിടെ സുരക്ഷാവേലി നിർമിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രാത്രിസമയത്ത് ഇവിടെ വെളിച്ചമില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. വാഹനയാത്രക്കാർക്കും ഇത് അപകടഭീഷണി സൃഷ്ടിക്കുന്നു. കാഞ്ഞാർ-വാഗമണ്‍ റൂട്ടിൽ പലയിടങ്ങളിലും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകട ഭീഷണി ഒഴിവാക്കുന്നതിനു കഴിഞ്ഞിട്ടില്ല.
ഈ പ്രദേശം പരിചയമില്ലാത്ത ഡ്രൈവർമാർ വാഹനം ഓടിക്കുന്പോഴാണ് അപകടം കൂടുതലായും ഉണ്ടാകുന്നത്. പുത്തേട് വ്യൂ പോയിന്റിൽ തെരുവ് വിളക്കുകളോ ഹൈമാസ്റ്റ് ലൈറ്റോ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് വിവിധ സംഘടനകൾ.