ക്രിമിനൽ കേസ് പ്രതിയുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ
1511126
Tuesday, February 4, 2025 11:52 PM IST
മൂലമറ്റം: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മേലുകാവ് ഇരുമാപ്ര പാറശേരിയിൽ സാജൻ സാമുവലിനെ (47) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഏഴു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ എട്ടു പ്രതികളാണുള്ളതെന്നും ഒരാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
മൂലമറ്റം താഴ്വാരം കോളനി പെരിയത്തുപറന്പിൽ അഖിൽ രാജു (24), മൂലമറ്റം മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), മൂലമറ്റം പുത്തൻപുരയിൽ അശ്വിൻ കണ്ണൻ ( 23), മൂലമറ്റം മണപ്പാടി അതുപ്പള്ളിയിൽ ഷാരോണ് ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോണ്സണ് ( 29) അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33 എന്നിവരാണ് അറസ്റ്റിലായത്. കാപ്പക്കേസ് പ്രതിയായ അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയനെയാണ് പിടി കൂടാനുള്ളത്.
കഴിഞ്ഞ രണ്ടിന് രാവിലെ 9.30 നാണ് മൂലമറ്റം ടൗണിനു സമീപം തേക്കിൻകൂപ്പിൽ സാജന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കമുള്ള മൃതദേഹം ആദ്യം തിരിച്ചറിയാൻ വൈകി. മേലുകാവ് പോലീസ് സ്റ്റേഷനിൽ സാജനെ കാണാനില്ലെന്ന് അമ്മ മേരി സാമുവൽ കഴിഞ്ഞ 29ന് പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രമിനൽ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ.
കഴിഞ്ഞ 30നാണ് ഇരുമാപ്രയിൽ പെയിന്റിംഗ് ജോലിക്കു പോയ പ്രതികൾ താമസിച്ചിരുന്ന വാടക മുറിയിൽവച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. സാജനെ വായിൽ തുണി തിരുകി കന്പി വടിക്ക് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകം നടന്നത് മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്.
പിടിക്കപ്പെട്ടവർ എല്ലാം നിരവധി തവണ കഞ്ചാവ്, മോഷണ കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരാണ്. ഇപ്പോൾ അറസ്റ്റിലായ പ്രതികളുമായി സാജൻ സാമുവൽ നിരവധി തവണ മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. സാജൻ ജീവിച്ചിരുന്നാൽ അതു തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പ്രതികൾ കരുതിയിരുന്നു.
അതിക്രൂരമായിട്ടാണ് പ്രതികൾ കൊല നടത്തിയത്. ഒരു കൈ വെട്ടി മാറ്റിയ നിലയിലായിരുന്നു. പിന്നീട് ഓട്ടോയിൽ കയറ്റി മൂലമറ്റം തേക്കിൻകൂപ്പിൽ കനാലിനു സമീപം തള്ളുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് കൊലപാതകത്തെ സംബന്ധിച്ച് പോലീസിനു നിർണായക വിവരം നൽകിയത്. എന്നാൽ, സംഭവം നടന്ന 30ന് ഇതു സംബന്ധിച്ച് സൂചന ലഭിച്ചെങ്കിലും മൃതദേഹം കണ്ടെത്താൻ വൈകിയതിൽ ആക്ഷേപമുയർന്നിട്ടുണ്ട്. പ്രതികളെ ഇന്നലെ ഇരുമാപ്രയിൽ എത്തിച്ച് തെളിവെടുപ്പു നടത്തി.
അതിനുശേഷം മൃതദേഹം ഓട്ടോയിൽ കൊണ്ടുവന്നു തള്ളിയ തേക്കിൻ കൂപ്പിലും കൊണ്ടുവന്ന് തെളിവെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെ കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം രാത്രി വൈകി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.