കാട്ടാന കൃഷിയിടത്തിലിറങ്ങി നാശം വിതച്ചു
1510848
Monday, February 3, 2025 11:38 PM IST
ചെറുതോണി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം നാശം വിതച്ചു. മണിയാറൻകുടി പെരുങ്കാല ആദിവാസി സെറ്റിൽമെന്റിലെ കൃഷിയിടത്തിലാണ് ദിവസങ്ങളായി കാട്ടാനക്കൂട്ടം വിലസുന്നത്. ശൗര്യാംമാക്കൽ വിനോദ്, പുതിയകുന്നേൽ ഷാജി എന്നിവരുടെ ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ വർഷവും കാട്ടാനക്കൂട്ടമിറങ്ങി ഇവരുടെയുൾപ്പെടെ നിരവധി പേരുടെ കൃഷി നശിപ്പിച്ചിരുന്നു. ആന ഇറങ്ങിയ ഉടനെ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തി ആനയെ തുരത്താൻ ആളില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. മുൻ വർഷങ്ങളിൽ വേനൽ ശക്തമാകുമ്പോഴാണ് ആന കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്നത്. ഇത്തവണ നേരത്തെ കാട്ടാന എത്തിയിരിക്കുകയാണ്. മുന്പ് ആദിവാസി വാച്ചർമാർ ആനകളെ തുരത്തി കാട്ടിൽ കയറ്റിവിടുമായിരുന്നു.
രാവും പകലും ജോലി ചെയ്യുന്ന വാച്ചർമാർക്ക് 400 രൂപയാണ് സർക്കാർ വേതനം നൽകുന്നത്. ഫണ്ടില്ലാത്തതിനാൽ ഈ വർഷം വാച്ചർമാരെ ജോലിക്ക് നിയമിച്ചിട്ടില്ല. ഇതാണ് ആനശല്യം രൂക്ഷമാകാൻ കാരണം. വാഴ, തെങ്ങ്, കുരുമുളക്, ഏലം, കപ്പ തുടങ്ങിയ ദേഹണ്ഡങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. രാത്രിയായാൽ പ്രദേശത്തെ വീടുകളിൽ കിടന്നുറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.