ഇടുക്കി രൂപത അധ്യാപക, അനധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
1511464
Wednesday, February 5, 2025 11:06 PM IST
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ അധ്യാപക, അനധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹോം സയൻസ് അധ്യാപിക റെനി ജോസഫിനും ഹൈസ്കൂൾ വിഭാഗത്തിൽ മാങ്കുളം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ. ജ്യോതിമോൾക്കും യുപി വിഭാഗത്തിൽ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവി തോമസിനും എൽ പി വിഭാഗത്തിൽ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ലാലി ജോർജും അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
അനധ്യാപക വിഭാഗത്തിൽ മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് ക്ലർക്ക് ജിജി അഗസ്റ്റിനാണ് അവാർഡ്.
ഈ വർഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനവും ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാംസ്ഥാനവും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറിക്ക് ഒന്നാം സ്ഥാനവും വിമലഗിരി വിമല ഹൈസ്കൂളിന് രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ഉദയഗിരി സെന്റ് മേരിസ് യുപി സ്കൂൾ ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ പാറത്തോട് സെന്റ് ജോർജ് എൽ പി സ്കൂൾ ഒന്നാം സ്ഥാനവും വെള്ളയാംകുടി സെന്റ് ജെറോംസ് എൽപി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ശനിയാഴ്ച രാവിലെ 9.30 ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കുന്ന അധ്യാപക - അനധ്യാപക സംഗമത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസി സെക്രട്ടറി റവ.ഡോ.ജോർജ് തകടിയേൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു എന്നിവർ അറിയിച്ചു.