മുകേഷിനെ പിന്തുണച്ച് എം.വി. ഗോവിന്ദൻ
1511142
Tuesday, February 4, 2025 11:52 PM IST
തൊടുപുഴ: മുകേഷിനെ പിന്തുണച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ധാർമികതയുടെ പേരിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോ? കേസ് നിലവിൽ കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യനും ആർഎസ്എസും ബിജെപിയും കേരളത്തിനെതിരാണ്. അവർ കേരളത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്നു പറഞ്ഞ അദ്ദേഹം എഐ സംവിധാനം മുഴുവനും കുത്തക മുതലാളിമാരുടെ കൈയിലാണ്. താൻ പറഞ്ഞത് മനസിലാകണമെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നും മാധ്യമങ്ങളോടു പറഞ്ഞു.
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് ആലോചന നടക്കണം. കോടിയേരിയെ അധിക്ഷേപിക്കുന്ന ആർഎസ്എസുകാരെ പറ്റി എന്തു പറയാനാണ്. കോടിയേരിയെ അധിക്ഷേപിക്കുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.