കുമളിയിലെ മാലിന്യശേഖരണം: നേട്ടവുമായി ഹരിത കർമസേന
1511451
Wednesday, February 5, 2025 11:06 PM IST
കുമളി : കുമളി പഞ്ചായത്തിലെ മാലിന്യ ശേഖരണത്തിൽ മികച്ച നേട്ടവുമായി ഹരിത കർമസേന.വീടുകളും സ്ഥാപനങ്ങളുമടക്കം 9754 ഇടങ്ങളിൽ ക്യൂ ആർ കോഡ് സ്ഥാപിച്ചാണ് ഹരിത കർമസേനയുടെ പ്രവർത്തനം. ഡിസംബറിൽ ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ച അമരാവതി വാർഡിലെ സേനാംഗം ബിന്ദു രാമചന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ ആദരിച്ചു. ചടങ്ങിൽ സെക്രട്ടറി ആർ. അശോക്കുമാർ , വൈസ് പ്രസിഡന്റ് കെ.എം.സിദ്ധിക്, സീനിയർ മെന്പർ സണ്‍സി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
738 വീടുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് കൃത്യ സമയത്തും തരംതിരിച്ചും മാലിന്യം ശേഖരിച്ച ബിന്ദു രാമചന്ദ്രൻ 35300 രൂപയാണ് യൂസർ ഫീ ഇനത്തിൽ പഞ്ചായത്തിന് മുതൽക്കൂട്ടാക്കിയത്. ഈ നേട്ടം ജില്ലയിലെ തന്നെ ഒന്നാമത്തേതാണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെ 868 കിലോ മാലിന്യമാണ് ബിന്ദു രാമചന്ദ്രൻശേഖരിച്ചത്. ഓരോ മാസവും മികച്ച സേവനം നടുത്തുന്ന സേനാംഗത്തിന് പഞ്ചായത്ത് അവാർഡും നല്‍കും.
കൂടുതൽ മാലിന്യ ശേഖരണം , കൃത്യ സമയം, മാലിന്യം തരം തിരിക്കൽ, യൂസർ ഫീ കളക്ഷൻ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. യൂസർ ഫീ ഇനത്തിൽ പഞ്ചായത്തിന് ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനം സേനാംഗങ്ങളുടെ കണ്സോർഷ്യത്തിലേക്കായി നല്‍കും. ഈ തുക സേനാംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. മാലിന്യം തരം തിരിച്ച് നല്‍കണമെന്നും ഉറവിട മാലിന്യ ശേഖരണത്തിൽ പഞ്ചായത്ത് നൂറു ശതമാനം നേട്ടം കൈ വരിച്ചതായും സെക്രട്ടറി പറഞ്ഞു.