മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ സ്വതന്ത്ര കര്‍ഷക സംഘടനകള്‍
1511457
Wednesday, February 5, 2025 11:06 PM IST
അടിമാലി: സംസ്ഥാനത്തെ വന്യജീവി വിഷയത്തിലും ഭൂപ്രശ്നങ്ങളിലും പരിഹാരം ആവശ്യപ്പെട്ട് നടപടി കടുപ്പിക്കാനൊരുങ്ങി സ്വതന്ത്ര കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി മേയ് 10, 11 തീയതികളില്‍ മൂവാറ്റുപുഴയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മറയൂരില്‍ യോഗം ചേര്‍ന്നു. മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക സ്വതന്ത്ര സംഘടനകള്‍ ഉള്‍പ്പെടെ നൂറോളം കര്‍ഷക സംഘടനകള്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കും.
കടലോര മേഖലയില്‍ സി ആര്ഇസഡിനെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനകളും മഹാപഞ്ചായത്തിന്റെ ഭാഗമാകും. ആദിവാസി ഇടങ്ങളിലെ ആളുകളെയും തോട്ടം തൊഴിലാളികളെയും മഹാപഞ്ചായത്തിന്റെ ഭാഗമാക്കാന്‍ കര്‍ഷക സംഘടനകള്‍ നീക്കം നടത്തുന്നുണ്ട്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മഹാ പഞ്ചായത്തില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധരും ദേശീയ നേതാക്കളും വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കൊപ്പം പരിസ്ഥിതി വിഷയങ്ങളും സാമ്പത്തിക വിഷയങ്ങളും മഹാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്യും.
മഹാ പഞ്ചായത്തില്‍ ഉരുത്തിരിയുന്ന നിലപാടുകളും പ്രശ്നപരിഹാരങ്ങളും കര്‍ഷക സംഘടനങ്ങള്‍ വിവിധ രാഷ്ട്രീയ നേതൃത്വത്തിന് സമര്‍പ്പിക്കും. രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാകും വരുന്ന നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കര്‍ഷക സംഘടനകള്‍ നിലപാട് സ്വീകരിക്കുക. മറയൂരില്‍ നടന്ന യോഗത്തില്‍ അതിജീവന പോരാട്ട വേദി ചെയര്മാന് റസാഖ് ചൂരവേലില്‍ അധ്യക്ഷത വഹിച്ചു.