മൂലമറ്റത്തെ അനധികൃത പന്നിഫാം; പ്രവർത്തനം നിർത്താൻ നിർദേശം
1511453
Wednesday, February 5, 2025 11:06 PM IST
മൂലമറ്റം: അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന പന്നി ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനായി പഞ്ചായത്ത് നോട്ടീസ് നൽകി. ഫാം അനധികൃതമായാണ് പ്രവർത്തിയ്ക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ പന്നികളെ വൃത്തിഹീനമായി പാർപ്പിച്ചിരിക്കുന്നതായും വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഹോട്ടൽ മാലിന്യം ഉൾപ്പെടെയുള്ള ജൈവ , അജൈവ മാലിന്യങ്ങൾ ശേഖരിച്ച് അശാസ്ത്രീയമായി കത്തിക്കുകയും കുഴിച്ചു മൂടുകയും ജല സ്രോതസ് ഉൾപ്പെടെ മലിനമാക്കുകയും ചെയ്യുന്നതായി പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. മൂലമറ്റം തേക്കുംകാട്ടിൽ മാത്യു തോമസിന്റെ പുരയിടത്തിൽ പ്രവർത്തിക്കുന്ന ലെഗസി ലൈവ്സ്റ്റോക്ക് ഫാം പ്രോഡക്ടസിന്റെ പ്രവർത്തനമാണ് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാമിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് സ്ഥലമുടമയായ മാത്യു തോമസും നാട്ടുകാരും പരാതിപ്പെട്ടിരുന്നു.
ഫാമിൽനിന്നുള്ള മലിനജലം സമീപ പ്രദേശത്തുകൂടി ഒഴുക്കിവിടുന്നതായും മാലിന്യം തുറസായ സ്ഥലത്ത് കുഴി എടുത്ത് നിക്ഷേപിച്ചിരിക്കുന്നതായും പരാതിയുയർന്നിരുന്നു. മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള യാതൊരു സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും പഞ്ചായത്ത് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പന്നിഫാം പരിശോധിച്ച് റിപ്പോർട്ട് പഞ്ചായത്തിന് നൽകിയിരുന്നു. കൂടാതെ പഞ്ചായത്തിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു.