വണ്ടിപ്പെരിയാറിൽ കടകൾ കത്തിനശിച്ച വ്യാപാരികൾക്ക് ധനസഹായം നൽകി
1511140
Tuesday, February 4, 2025 11:52 PM IST
വണ്ടിപെരിയാർ : വണ്ടിപ്പെരിയാറിൽ കടകൾ കത്തി നശിച്ച വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം നൽകി. ജനുവരി 11ന് വെളുപ്പിനായിരുന്നു വണ്ടിപ്പെരിയാറിൽ എട്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചത്. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പുനരധിവാസ പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു.
യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് എസ്. അൻപു രാജ് അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് സംസ്ഥാന കമ്മിറ്റിയും ജില്ലാക്കമ്മിറ്റിയും വണ്ടിപ്പെരിയാർ യൂണിറ്റും സമാഹരിച്ച ധനസഹായതുക കൈമാറി. പുനരധിവസിക്കപ്പെട്ട വ്യാപാരികളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവഹിച്ചു. വണ്ടിപ്പെരിയാറിൽ നിന്നും ഏറ്റവും കൂടുതൽ ധനസഹായം നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, കെ വിവി ഇ എസ് ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പള്ളിൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. ആർ. വിനോദ്, ജില്ലാ ഓർഗനൈസർ സിബി കൊച്ചുവെള്ളാട്ട്, പീരുമേട് മണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളൂർ, വണ്ടിപ്പെരിയാർ യൂണിറ്റ് ട്രഷറർ ഹാജി ഉമ്മർ ഫാറൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.