ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം: മന്ത്രി റോഷി
1511133
Tuesday, February 4, 2025 11:52 PM IST
തൊടുപുഴ: ജനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി.ജേക്കബ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അദാലത്തിൽ 478 അപേക്ഷകളാണ് ലഭിച്ചത്. 348 അപേക്ഷകളിൽ തീരുമാനം എടുത്തെന്നും 130 അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രിമാർ അറിയിച്ചു. അദാലത്ത് വേദിയിൽ 20 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് താലൂക്ക് അദാലത്തുകളിലായി ഇതുവരെ 1829 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1035 അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും 794 അപേക്ഷകൾ നടപടികൾ തുടരുകയുമാണ്. ആകെ 76 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.അദാലത്തിൽ 17 കുടുംബങ്ങൾക്ക് എഎവൈ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
അമറിന്റെ കുടുംബത്തിന്
ധനസഹായ കുടിശിക നൽകും
തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹിമിന്റെ കുടുബത്തിനുള്ള ധനസഹായ കുടിശികയായ ആറുലക്ഷം രൂപ ആറു മാസത്തിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തൊടുപുഴയിൽ നടന്ന താലൂക്ക് തല അദാലത്തിൽ അമറിന്റെ പിതാവ് പി.എം.ഇബ്രാഹിമിനാണ് മന്ത്രി ഉറപ്പ് നൽകിയത്. 2024 ഡിസംബർ 29ന് തലക്കോട് റേഞ്ചിലെ അമയൽതൊട്ടിയിലാണ് കാട്ടാന ആക്രമണത്തിൽ അമർ മരിച്ചത്. തുടർന്ന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിൽ നാലു ലക്ഷം രൂപ ലഭിച്ചു. ബാക്കി തുകയാണ് അദാലത്തിൽ അനുവദിച്ചത്.
കുമ്മംകല്ല് സ്കൂൾ കെട്ടിടം: പെർമിറ്റ് നൽകാൻ നിർദേശം
തൊടുപുഴ: കുമ്മംകല്ല് ബിടിഎം എൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കാൻ മന്ത്രി വി.എൻ. വാസവന്റെ നിർദേശം. തൊടുപുഴയിൽ ഏറെ വിവാദവും നഗരസഭയിൽ ഭരണമാറ്റത്തിനു വരെ ഇടയാക്കിയ വിഷയമാണ് അദാലത്തിൽ എത്തിയത്. സ്കൂളിന്റെ പുതിയ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ പരാതി. ശോച്യാവസ്ഥയിലായ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നായിരുന്നു മാനേജ്മെന്റിന്റെ ആരോപണം.
മുൻപ് സ്കൂളിന് ഫിറ്റ്നസ് നൽകാത്തതിന്റ പേരിൽ അസിസ്റ്റന്റ് എൻജിനിയർക്കെതിരെ മാനേജ്മെന്റ് വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതെ തുടർന്ന് ബിൽഡിംഗ് പെർമിറ്റിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എൻജിനിയറും ഇടനിലക്കാരനും വിജിലൻസിന്റെ പിടിയിലായിരുന്നു.
കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന്റെ പേരിൽ അന്നത്തെ ചെയർമാനായിരുന്ന സനീഷ് ജോർജും കേസിൽ പ്രതിയായി. ആരോപണ വിധേയനായതിനെ തുടർന്ന് സനീഷ് ജോർജിന് പദവി രാജി വയ്ക്കേണ്ടിയും വന്നു. സംഭവത്തെ തുടർന്ന് ബിൽഡിംഗ് പെർമിറ്റ് നൽകാതെ നഗരസഭ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് മാനേജ്മെന്റ് മന്ത്രിയെ അറിയിച്ചു.
രാജപ്പന്റെ ദുരിതത്തിന് പരിഹാരം
തൊടുപുഴ: മുതലക്കോടം - പട്ടയം കവല വലതു കര കനാൽ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. മുതലക്കോടം കല്ലുമാരി കണ്ടത്തിൻകര കെ.കെ.രാജപ്പന്റെ പരാതിയിലാണ് മന്ത്രിയുടെ നടപടി. മലങ്കര ഡാമിൽ നിന്നും ആരംഭിക്കുന്ന കനാൽ കവിഞ്ഞൊഴുകുന്പോൾ വീടിന് ചുറ്റും വെള്ളം നിറയുന്നതിന് പരിഹാരം കാണണമെന്നായിരുന്നു രാജപ്പന്റെ ആവശ്യം. കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കുകയിരുന്നു ഏക മാർഗം. രാജപ്പന്റെ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെട്ടാണ് മന്ത്രി 25 ലക്ഷം രൂപ അനുവദിച്ചത്. രാജപ്പന്റെ ദുരിതം ഇന്നലെ ദീപികയും പ്രസിദ്ധീകരിച്ചിരുന്നു.
സാവിത്രിയമ്മയ്ക്ക് സാന്ത്വനം
തൊടുപുഴ: കാളിയാർ സ്വദേശിനി 80 കാരിയായ സാവിത്രിയമ്മ വണ്ണപ്പുറം സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത രണ്ടു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ സാധിക്കാതെയാണ് അദാലത്തിനെത്തിയത്. നിർധനയും വിധവയുമായ സാവിത്രി ബാലന് വാർധക്യ സഹജമായ കാരണങ്ങളാൽ ജോലിക്ക് പോകാനും കഴിയില്ല.
വായ്പയെടുത്ത് പലഘട്ടങ്ങളിലായി ഒരു ലക്ഷം രൂപയിലധികം തിരിച്ചടച്ചു. പരാതി പരിഗണിച്ച മന്ത്രി വി.എൻ.വാസവൻ വായ്പ തിരിച്ചടവ് ഒറ്റത്തവണ തീർപ്പാക്കാൻ ജോയിന്റ് രജിസ്ട്രാർക്ക് നിർദേശം നൽകി. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട്ടിലാണ് സാവിത്രിയമ്മ താമസിക്കുന്നത്. സർക്കാർ നൽകുന്ന ക്ഷേമ പെൻഷനാണ് ഏക വരുമാനം.
വീട് ഇനി പുഴയെടുക്കില്ല; ആശ്വാസത്തോടെ മേരി ഇട്ടൻ
തൊടുപുഴ: വീടിന്റെ ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തി നിർമിക്കാൻ തുകയനുവദിച്ചതിന്റ ആഹ്ലാദത്തിലാണ് എഴുപതുകാരിയും അവിവാഹിതയുമായ മേരി ഇട്ടൻ.
2023 ലെ മഴക്കാലത്ത് പുഴയെടുത്ത സംരക്ഷണ ഭിത്തി പുതുക്കി നിർമിക്കാൻ 3.10 ലക്ഷം രൂപയാണ് മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ചത്.
ഇതു സംബന്ധിച്ച് മേജർ ഇറിഗേഷൻ എൻജിനിയർക്ക് മന്ത്രി നിർദേശം നൽകി. 14 മീറ്റർ നീളത്തിലാണ് ഭിത്തി നിർമിക്കുന്നത്.