വയോധികയുടെ വായിൽ തുണി തിരികി സ്വർണവും പണവും അപകരിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ
1511466
Wednesday, February 5, 2025 11:06 PM IST
വണ്ടിപെരിയാർ: വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ പാൽ തങ്കം എന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങുകയായിരുന്ന വയോധികയുടെ മുഖം മൂടി വായിൽ തുണി തിരികി കഴുത്തിൽക്കിടന്ന മാലയും കമ്മലും തലയിണക്കടിയിൽനിന്നു പണവും അപകരിച്ച കേസിൽ വയോധികയുടെ കൊച്ചുമകൻ കിഷോർ (19), കിഷോറിന്റെ സുഹൃത്ത് 16 കാരനും പിടിയിലായി.
ഇവരുടെ അടിവസ്ത്രത്തിനുള്ളിൽനിന്ന് സ്വർണവും പണവും പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോയാണ് ആക്രമണമുണ്ടായത്. പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇരുവരും ചേർന്ന് രാത്രിയിൽ വീടിനു പരിസരത്തുള്ള പറമ്പിൽ ഒളിച്ചിരിക്കുകയും രണ്ടോടെ വീടിനു പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറുകയും ചെയ്യുകയായിരുന്നെന്ന് കിഷോർ മൊഴി നൽകിയിട്ടുണ്ട്. വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ ടി. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി തെളിവെടുപ്പിന് എത്തിച്ചത്.