അയ്യപ്പൻകോവിൽ ആലടി പുലിപ്പേടിയിൽ; കാമറ സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്
1510859
Monday, February 3, 2025 11:38 PM IST
ഉപ്പുതറ: ആലടിയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. പുളിക്കൽ നിതിന്റെ ഭാര്യ അനുവാണ് ഞായറാഴ്ച രാത്രി ഒന്പതോടെ പുലിയെ കണ്ടത്. ശബ്ദം കേട്ട് ജനൽപ്പാളിയിലൂടെ നോക്കിപ്പോഴാണ് പെരിയാറിന്റെ തീരത്തുനിന്ന് പുലി മലയോര ഹൈവേയിലേക്കു കയറുന്നതു കണ്ടത്. നായയെ കടിച്ചുപിടിച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു.
ഉടൻതന്നെ അയൽക്കാർക്കു ഫോൺ ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാട് വളർന്നുനിൽക്കുന്ന മലമുകളിലേക്കു പുലി മറഞ്ഞിരുന്നു. വിവരം അറിഞ്ഞയുടൻ ഉപ്പുതറ പോലീസും കാഞ്ചിയാറിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപത്ത് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടില്ല.
പെരിയാറിന്റെ തീരത്തും വീട്ടമ്മ പുലിയെ കണ്ട ഭാഗങ്ങളിലും പുലിയുടെ ധാരാളം കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഒരാഴ്ചയായി ആലടിയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടവരുണ്ട്. ആദ്യം ചോങ്കരപ്പടിയിലാണ് പുലർച്ചെ ഒന്നരയോടെ പുലിയെ കണ്ടത്.
പുലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം സന്ധ്യക്കു മുൻപ് ആലടി ടൗണിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് വട്ടപ്പറമ്പിൽ ലിബിനും പുളിക്കൽ നിതിനും പുലിയെ കണ്ടു. അന്നും പുലിക്കുട്ടി ഒപ്പമുണ്ടായിരുന്നു. ആദ്യം പുലിയെ കണ്ട സ്ഥലത്ത് പതിഞ്ഞത് കാട്ടുപന്നിയുടെ കാൽപ്പാടുകളാണെന്ന് പറഞ്ഞ് നാട്ടുകാരുടെ പരാതി വനം വകുപ്പ് അവഗണിച്ചു. കാൽപ്പാടുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല.
വീണ്ടും രണ്ടു തവണ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെ പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. പരിസരത്തെ കാട് തെളിക്കാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകാൻ അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതരോട് വനം വകുപ്പ് ആവശ്യപ്പെട്ടു. കാട് തെളിക്കുമ്പോൾ വനം വകുപ്പിന്റെ സാന്നിധ്യം ഉറപ്പുവരുത്തും.തേക്കടിയിൽനിന്ന് രണ്ടു കാമറ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയ്ക്കകം കാമറ സ്ഥാപിക്കുമെന്ന് കാഞ്ചിയാർ റേഞ്ച് ഓഫീസർ രതീഷ് അറിയിച്ചു.
അടിക്കടി പുലിയെ കണ്ടതോടെ ഒരാഴ്ചയായി ആലടിയിലെ നാട്ടുകാർ ആശങ്കയിലാണ്. സന്ധ്യക്കു മുൻപേ എല്ലാവരും വീട്ടിൽക്കയറും. പകൽ സമയത്തും ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കാറില്ല. സന്ധ്യക്കു മുൻപ് വ്യാപാരസ്ഥാപനങ്ങളും അടയ്ക്കും.