ദുരന്തങ്ങൾ തുടർക്കഥ; മിനി ഫയർ സ്റ്റേഷൻ കടലാസിൽത്തന്നെ
1510654
Sunday, February 2, 2025 11:41 PM IST
രാജാക്കാട്: ബൈസണ്‍വാലി കുഞ്ചിത്തണ്ണി,രാജാക്കാട്, രാജകുമാരി,സേനാപതി, ശാന്തൻപാറ തുടങ്ങിയ പ്രദേശങ്ങളിലെ ആവശ്യം പരിഗണിച്ചാണ് രാജാക്കാട് കേന്ദ്രമായി മിനി ഫയർസ്റ്റേഷൻ അനുവദിച്ചത്.വിവിധ സംഘടനകളുടെ വർഷങ്ങളായുള്ള നിവേദനങ്ങളുടെ ഫലമായാണ് ഇത് അനുവദിച്ചു കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി അനുകൂല നിലപാടെടുക്കുകയും ചെയ്തതാണ്. സ്ഥലം വിട്ടുകൊടുത്തിട്ട് വർഷങ്ങളും കൂടിയാലോചനകൾ നടത്തിയിട്ട് മാസങ്ങൾ പലതും കഴിഞ്ഞു എന്നാൽ, ഫയർ സ്റ്റേഷൻ എന്നത് പ്രദേശത്തെ ജനങ്ങൾക്ക് സ്വപ്നമായി തുടരുകയാണ്.അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും തുടരെ സംഭവിക്കുന്ന പ്രദേശങ്ങളാണിത്.
നിലവിൽ 25 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള അടിമാലിയിൽ നിന്നോ, നെടുങ്കണ്ടം,മൂന്നാർ എന്നീ സ്ഥലങ്ങളിൽ നിന്നോ വേണം അഗ്നിശമന സേനയെത്താൻ, ഇത്രയും അകലെ നിന്നും സേനയെത്തുന്പോൾ ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങ് വർധിച്ചിരിക്കും.
ഏതാനും ആഴ്ച മുൻപ് രാജാക്കാടിന് സമീപമുള്ള പലഹാരനിർമാണ യൂണിറ്റിന് തീപിടിച്ച് മുഴുവൻ വസ്തുവകകളും കത്തി നശിച്ചിരുന്നു. ഇപ്പോഴുണ്ടായ ലോറിയപകടത്തിൽ ഡ്രൈവർ മരിക്കാനിടയായതും ഒറ്റപ്പെട്ട സംഭവമല്ല.ഈ സാഹചര്യത്തിലെങ്കിലും രാജാക്കാട് കേന്ദ്രമായനുവദിച്ച മിനി ഫയർസ്റ്റേഷൻ പ്രാവർത്തികമാക്കാൻ സർക്കാരും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.