വോട്ട് വിഭജിച്ചാൽ പ്രയോജനം ബിജെപിക്ക്: എം.വി. ഗോവിന്ദൻ
1511127
Tuesday, February 4, 2025 11:52 PM IST
തൊടുപുഴ: ബിജെപി വിരുദ്ധസഖ്യം വിഭജിക്കപ്പെട്ടാൽ അതിന്റെ പ്രയോജനം ബിജെപിക്കുതന്നെയാണെന്ന് മനസിലാക്കാൻ കോണ്‍ഗ്രസിനാകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം ജില്ലാ സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബിജെപി വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കോണ്‍ഗ്രസിനാകുന്നില്ല. സീതാറാം യെച്ചൂരി നേതൃത്വം നൽകി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോൾ കോണ്‍ഗ്രസിന് വിശാല കാഴ്ചപ്പാടില്ലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ശതമാനം വോട്ടുകൂടി മുന്നണിക്ക് കിട്ടിയിരുന്നെങ്കിൽ രാജ്യത്തിന്റെ മുഖം മാറിയേനെ. എങ്കിലും ബിജെപിക്ക് കേവലഭൂരിപക്ഷം ഇല്ലാതാക്കാൻ മുന്നണിക്ക് സാധിച്ചു. ബിജെപി വിരുദ്ധസഖ്യം വിഭജിക്കപ്പെട്ടാൽ അതിന്റെ പ്രയോജനം ബിജെപിക്ക് തന്നെയാണെന്ന് മനസിലാക്കാൻ കോണ്‍ഗ്രസിനാകുന്നില്ല.
ഇന്ത്യൻ മുതലാളിമാരെ വലിയ സാന്പത്തിക ശക്തിയായി ഉയർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അവസാന ബജറ്റിലും ഇതുതന്നെയാണ് കാണുന്നത്. കേരളമെന്ന വാക്കുപോലും ബജറ്റിലില്ല. കേരളം ദരിദ്രമാണെന്ന് സമ്മതിച്ചാൽ സഹായം കിട്ടുമെന്ന നിലപാടാണ് ജോർജ് കുര്യനിലൂടെ ബിജെപി പുറത്തുവിട്ടത്. 2025-ഓടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ഒരേയൊരു സംസ്ഥാനമായി കേരളം മാറുമെന്നും നൂറിലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ തുടർച്ചയായ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം
തൊടുപുഴ: സിപിഎം ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി. എം.എം. മണി എംഎൽഎ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ .കെ. ഷൈലജ, പി. രാജീവ്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. ജയചന്ദ്രൻ, വി. എൻ. വാസവൻ, എം.സ്വരാജ്, പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, പി. എസ്. രാജൻ, കെ.എസ്. മോഹനൻ, മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനും എൽഡിഎഫ് ഘടക കക്ഷി നേതാക്കളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. ചർച്ച ഇന്നും തുടരും. പൊതുസമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.