സ്വകാര്യ കൃഷിയിടത്തിൽനിന്ന് മരം മുറിച്ചുകടത്താൻ ശ്രമം
1510850
Monday, February 3, 2025 11:38 PM IST
രാജാക്കാട്: ബൈസണ്‍വാലി നെല്ലിക്കാടിനു സമീപം സ്വകാര്യ കൃഷിയിടത്തിൽനിന്നു പട്ടാപ്പകൽ മൂന്നുലക്ഷം രൂപ വില വരുന്ന തടികൾ മുറിച്ചു കൊണ്ടുപോകാൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞുവച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആലുവ സ്വദേശി അശോക് പരിയാരത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽനിന്നാണ് ഞായറാഴ്ച ഉച്ചയോടെ മാർഷൽ ബ്രിട്ടോ (പ്രഭു) എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം തേക്ക്, മാവ്, കുളമാവ് തുടങ്ങിയ മരങ്ങൾ മുറിച്ചു വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ ഉടമയെ വിവരമറിയിച്ചപ്പോഴാണ് മരം മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. കൂടുതൽ ആളുകൾ എത്തും മുൻപ് പ്രതികൾ മരം കയറ്റിയ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 40 മുതൽ 80 ഇഞ്ച് വരെ വണ്ണമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ചത്. മരങ്ങൾ അശ്രദ്ധമായി മുറിച്ചതിനാൽ ഇവിടെ ഉണ്ടായിരുന്ന ഏലച്ചെടികൾ നശിച്ചു. സ്ഥലമുടമ അശോക് പരിയാരത്ത് ജില്ലാ പോലീസ് മേധാവി, രാജാക്കാട് സിഐ എന്നിവർക്ക് രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.